ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക് തര്‍ക്കം; ഒരാളുടെ കഴുത്തറുത്തു

തിരൂരങ്ങാടി: വയലില്‍ കൊയ്ത്ത് ജോലിക്കിടെ ഇതര സംസ്ഥാനത്തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്റെ കഴുത്തറുത്തു.
ബംഗാള്‍ സ്വദേശി ശശികുമാറി (38) നെയാണ് ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.  ഇന്നലെ വൈകീട്ട് മൂന്നരയോടെ തെന്നല വെസ്റ്റ് ബസാര്‍ തിരുത്തിക്കടുത്ത് വയലിലില്‍ വച്ചാണ് സംഭവം. പ്രദേശവാസികളാണ് വയലില്‍ കിടന്ന് പിടയുന്നത് കണ്ടത്.
ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍  മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവശേഷം മുങ്ങിയ പ്രതി ബംഗാള്‍ സ്വദേശി സുകുമാറിനുവേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചു. കോട്ടയ്ക്കല്‍ പുത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇരുവരും പന്ത്രണ്ടു വര്‍ഷമായി തെന്നലയില്‍ കൊയ്ത്തുജോലിക്ക് വരുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കൊയ്ത്തിനുപയോഗിച്ച അരിവാള്‍ ഉപയോഗിച്ചാണ് കഴുത്തറുത്തത്. സംഭവത്തെ കുറിച്ച് പൊലിസ് വിശദമായി അന്വേഷിച്ചുവരികയാണ്.

RELATED STORIES

Share it
Top