ഇതര സംസ്ഥാന തൊഴിലാളികളുടെ ബയോമെട്രിക്ക് വിവരം ശേഖരിക്കല്‍ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
2016 ഒക്ടോബര്‍ 27ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീഷ്യ എന്ന സംഘടനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ജോലി ചെയ്യുന്ന 18നും 60നും ഇടയില്‍ പ്രായമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് 15,000 രൂപ വരെ സൗജന്യ ചികില്‍സ സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കുന്നതാണ് പദ്ധതി. ആരോഗ്യ ഇന്‍ഷുറന്‍സിന് ഒപ്പം അപകട ഇന്‍ഷുറന്‍സും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഇതിനായി ഇലക്ട്രോണിക് ചിപ്പ് ഉള്ള പ്രത്യേക തിരിച്ചറിയില്‍ കാര്‍ഡ് വേണം. തൊഴിലാളിയുടെ ഫോട്ടോ, വിരലയടാളം, കൃഷ്ണമണി വിവരം എന്നിവ ഇതിലുണ്ടാവണം എന്നും സര്‍ക്കാര്‍ പറയുന്നു. ഒരു സാധാരണ ഇന്ത്യന്‍ പൗരന് ലഭിക്കുന്നതില്‍ അധികമായി ഒന്നും ഈ പദ്ധതി വഴി ഇതരസംസ്ഥാന തൊഴിലാളിക്ക് ലഭിക്കില്ലെന്ന് ഹരജിക്കാര്‍ വാദിക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളികളും ഇന്ത്യന്‍ പൗരന്‍മാരാണ്. അവരുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കുക എന്നത് മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുള്ള അവകാശത്തിനും എതിരാണ്. പുതിയ ബയോമെട്രിക്ക് കാര്‍ഡ് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കില്ല. ഇത് ദുരുപയോഗം ചെയ്താല്‍ അടിമകളെന്ന പോലെ അവരെ തിരഞ്ഞുപിടിക്കാം.
തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതരസംസ്ഥാന തൊഴിലാളികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്തു കൊണ്ടിരിക്കുകയാണ്. ഭയം മൂലം പല തൊഴിലാളികളും പദ്ധതിയോട് സഹകരിക്കുന്നില്ല. ഉദ്യോഗസ്ഥരാവട്ടെ തൊഴില്‍ ഉടമയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ഇത് തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തിന്റെയും തുല്യതയ്ക്കുള്ള അവകാശത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും ലംഘനമാണ്. അതിനാല്‍, സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top