ഇതര സംസ്ഥാന തൊഴിലാളികളില്‍ അക്രമവാസന കൂടുന്നു

തൃക്കരിപ്പൂര്‍: ജില്ലയില്‍ ജോലി തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ നടത്തുന്ന കൊലപാതകങ്ങളും കവര്‍ച്ചകളും ജനങ്ങളെ ആശങ്കയിലാക്കുന്നു. മലയാളികളായ വെള്ളക്കോളര്‍ ജോലിക്കാരുടെ ഇടയിലേക്ക് കേരളം പറുദീസയായി കരുതി ജോലി തേടിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തൊഴിലാളികളെത്തുന്നത്്. എന്തു ജോലിയും ത്യാഗത്തോടെയും ആത്മാര്‍ഥമായും ചെയ്യുമെന്നത് ഇവരെ സ്വീകാര്യമാക്കുന്നു. ഇന്നു ജില്ലയിലെ വലിയ വീടുകളിലെ അടുക്കള ജോലിമുതല്‍ കാര്‍ഷിക വൃത്തിയില്‍ വരെ ഇതര സംസ്ഥാന തൊഴിലാളികള്‍ സജീവമാണ്്. എന്നാല്‍ അടുത്തകാലത്ത് ജില്ലയുടെ മലയോര മേഖലയിലടക്കം ഇത്തരം തൊഴിലാളികളില്‍ ചിലര്‍ നടത്തിയ കൊലപാതകവും കവര്‍ച്ചയും ജില്ലയില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. അഞ്ചു ദാരുണകൊലപാതകങ്ങളാണ് അടുത്തകാലത്ത്് നടന്നത്.നീലേശ്വരം പേരാലിലെ ഗള്‍ഫുകാരനായ രാജന്റെ ഭാര്യ ജിഷയെ അടുക്കളയില്‍ കയറി കഴുത്തിന് കുത്തികൊലപ്പെടുത്തിയ സംഭവം നാടിനെ ഞെട്ടിച്ചിരുന്നു. വീട്ടുവേലക്ക് നിര്‍ത്തിയ ഒഡീഷ യുവാവാണ് കൊലനടത്തിയത്. പ്രതി പോലിസ് പിടിയിലാണെങ്കിലും സംഭവത്തിന്റെ പിന്നാമ്പുറം തേടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ചില ബന്ധുക്കളേയും പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരേ വീണ്ടും കേസ് ഫയല്‍ ചെയ്തതോടെ ജിഷ വധക്കേസ് വിചാരണയും നീളുന്നു. അതിനിടെയാണ് രണ്ടാഴ്ചമുമ്പ് ഇരിയ പൊടവടുക്കത്തെ വീട്ടമ്മയായ ലീലയെ കൊലപ്പെടുത്തിയത്്. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവ് ഇപ്പോള്‍ റിമാന്റിലാണ്. വീട്ടില്‍ തേപ്പ് പണിക്കുവന്ന യുവാവാണ് കൊലപാതകം നടത്തിയത്. അതിഞ്ഞാലില്‍ കാര്‍ സര്‍വീസ് സെന്റര്‍ ജീവനക്കാരനായിരുന്ന യുവാവിനെ മലദ്വാരത്തില്‍ ഗ്യാസ് അടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ചെര്‍ക്കള ബേര്‍ക്ക ബികെ പാറയിലെ മദ്യം വാങ്ങിയ പണത്തേചൊല്ലിയുള്ള തര്‍ക്കത്തേതുടര്‍ന്നു കര്‍ണാടക സ്വദേശിയെ ദേഹത്ത് കല്ലിട്ട് കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായതും രണ്ടു കര്‍ണാടക സ്വദേശികളായ സഹോദരങ്ങള്‍. കുറച്ച് വര്‍ഷം മുമ്പ് ബേഡടുക്ക പഞ്ചായത്തിലെ പെര്‍ലടുക്കയില്‍ കാര്‍ത്യായനി എന്ന വീട്ടമ്മയെ കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി മാലമോഷണത്തിനിടെ കുത്തികൊന്ന കേസില്‍ മധ്യപ്രദേശുകാരായ യുവാക്കള്‍ ഇപ്പോഴും ശിക്ഷ അനുഭവിക്കുന്നുണ്ട്. സൈക്കിളില്‍ ഐസ്‌ക്രീം വില്‍പനനടത്തുന്നവരായിരുന്നു ഇവര്‍. പ്രമാദമായ പെരിയ ഗ്രാമീണ്‍ ബാങ്ക് കവര്‍ച്ച, കുണ്ടംകുഴി, ബന്തടുക്ക എന്നിവിടങ്ങളിലെ സുമംഗലി ജ്വല്ലകളിലെ മോഷണം, കൂടാതെ നിരവധി കവര്‍ച്ചാകേസുകളിലും അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ടാണ്്. എന്നാല്‍ ചെറിയൊരു വിഭാഗത്തിനിടയിലെ അക്രമവാസന ആത്മാര്‍ഥമായി തൊഴില്‍തേടിയെത്തുന്ന ബഹുഭൂരിപക്ഷം ഇതരസംസ്ഥാന തൊഴിലാളേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ജില്ലയില്‍ ഒരു ലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് ഏകദേശകണക്ക്. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ഇപ്പോഴും പോലിസിന്റെ പക്കലില്ല.

RELATED STORIES

Share it
Top