ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മല്‍സ്യങ്ങള്‍ വില്‍ക്കില്ലെന്ന് ഇടനിലക്കാര്‍

കൊച്ചി: മല്‍സ്യ വിഭവങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന റിപോര്‍ട്ടുകള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയതോടെ മല്‍സ്യമേഖല പൂര്‍ണമായും സ്തംഭിച്ചതായി ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മീനുകളിലാണ് രാസപദാര്‍ഥങ്ങള്‍ അടങ്ങിയതായി കണ്ടെത്തിയത്. അതുകൊണ്ട് അറിയിപ്പുണ്ടാവുന്നതു വരെ ഓല കൊടിയന്‍, കേര, ചൂര, കട്ടല, വറ്റ, ചെമ്മീന്‍ തുടങ്ങി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മീനുകള്‍ വില്‍പനയ്‌ക്കെടുക്കില്ലെന്നും സംഘടന അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മല്‍സ്യങ്ങളാണ് ഏറെയും മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. വിലയ്ക്ക് വാങ്ങി വില്‍പനയ്ക്കായി മാര്‍ക്കറ്റിലെത്തിക്കുമ്പോഴാണ് രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന റിപോര്‍ട്ടുകള്‍ വരുന്നത്. ചെക്‌പോസ്റ്റുകളില്‍ രാസപരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇത്തരത്തിലുള്ള വിഷാംശം കലര്‍ന്ന മീനുകള്‍ കേരളത്തിലേക്കെത്തുന്നത് തടയാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
നിലവിലെ സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് മല്‍സ്യങ്ങള്‍ കൈയില്‍ സൂക്ഷിക്കുന്ന ഇടനിലക്കാരും കച്ചവടക്കാരുമാണ് കുറ്റക്കാര്‍. മീനുകളില്‍ വിഷാംശങ്ങളുണ്ടോയെന്നു പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇടനിലക്കാരുടെ കൈയിലില്ലെന്നിരിക്കെ, ഈ തീരുമാനം പുനപ്പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top