ഇതര മതസ്ഥരെ ആദരിക്കല്‍ മുസ്‌ലിമിന്റെ ബാധ്യത : കെ ടി ജലീല്‍കോഴിക്കോട്: ഇതര മതസ്ഥരോട് ആദരവും ബഹുമാനവും കാത്തുസൂക്ഷിക്കാന്‍ വിശ്വാസപരമായി ബാധ്യതയുള്ളവരാണ് മുസ്‌ലിംകളെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍. ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട മതമാണ് ഇസ്‌ലാം. മുസ്‌ലിംകളില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളും ശത്രുക്കളും ഇതിനു കാരണമായിട്ടുണ്ട്. ഖുര്‍ആനിനെ അതിന്റെ ആന്തരാര്‍ഥത്തില്‍ മനസ്സിലാക്കിയാല്‍ ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എല്‍ആര്‍സി ഖുര്‍ആന്‍ പഠനകേന്ദ്രം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്വര്‍ണമെഡല്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മറ്റു ഗ്രന്ഥങ്ങളെ മോശമായി ചിത്രീകരിക്കുന്നതു വിശ്വാസികളുടെ സ്വഭാവമല്ല. ഇസ്‌ലാം അതിന് അനുവദിക്കുന്നുമില്ല. ആരാധനാലയങ്ങളുടെ എണ്ണം നോക്കിയല്ല ഒരു സ്ഥലത്തെ വിശ്വാസിസമൂഹത്തെ തിട്ടപ്പെടുത്തേണ്ടത്. കഷ്ടതയനുഭവിക്കുന്നവര്‍ എവിടെയുണ്ടോ അവിടെ യഥാര്‍ഥ വിശ്വാസികളില്ലെന്നു വേണം മനസ്സിലാക്കാന്‍. യഥാര്‍ഥ വിശ്വാസികളുള്ള നാട്ടില്‍ കുറ്റകൃത്യങ്ങളും ചൂഷണവും കുറയുമെന്നും അദ്ദേഹം പറഞ്ഞു. എസ്എല്‍ആര്‍സി പ്രസിഡന്റ് പി ഹാറൂണ്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി കാലത്തു നടന്ന വൈജ്ഞാനിക സമ്മേളനത്തില്‍ ഖുര്‍ആന്‍ മനപ്പാഠം, ഖുര്‍ആന്‍ ആശയം, ഇസ്‌ലാമിക ചരിത്ര ക്വിസ്, അറബി ഭാഷാ നൈപുണി എന്നിവയില്‍ പഠിതാക്കളുടെ ആകര്‍ഷകമായ മല്‍സരങ്ങള്‍ നടന്നു. മല്‍സരങ്ങള്‍ക്ക് എസ്എല്‍ആര്‍സി ഡയറക്ടര്‍ കെ വി അബ്ദുല്‍ ലത്തീഫ് മൗലവി നേതൃത്വംനല്‍കി. വൈകീട്ട് നാലിനു ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top