ഇതര മതസ്ഥനെ പ്രണയിച്ചതിന് ആര്‍എസ്എസ് കേന്ദ്രത്തില്‍ തടവിലിട്ട യുവതി മോചിതയായി

തൃശൂര്‍: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മംഗലാപുരത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച യുവതി മോചിതയായി. രണ്ടു വര്‍ഷത്തോളം ആര്‍എസ്എസ് കേന്ദ്രത്തില്‍ പീഡനത്തിന് ഇരയായ തൃശൂര്‍ ജില്ലയിലെ അരിയന്നൂര്‍ സ്വദേശിനിയായ അഞ്ജലി പ്രകാശാണ് മോചിതയായത്.


ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് പോലിസ് മോചിപ്പിച്ച് മംഗലാപുരത്തെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്ന അഞ്ജലിയെ ഇന്ന് കേരളത്തില്‍ എത്തിക്കും. അഞ്ജലിയുടെ അമ്മാവന്‍ രഘുനന്ദനും അമ്മായി കാര്‍ത്യായനിയും നടത്തിയ ഇടപെടലാണ് ഇവരെ കേരളത്തിലെത്തിക്കാന്‍ സഹായിച്ചത്.
കേരളത്തില്‍ ഇതു സംബന്ധിച്ച് കേസുകളൊന്നും ഇല്ലാത്തതിനാല്‍ മംഗലാപുരം കോടതി കേരളത്തിലേക്ക് അയക്കാന്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് യുവതിയുടെ അമ്മാവന്‍ ഇടപെട്ട് കോടതിയെ സമീപിച്ചത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. രാജസിംഹന്‍, മംഗലാപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ കോടതിയിലെ അഭിഭാഷകന്‍ അഡ്വ. ആസിഫ് എന്നിവര്‍ യുവതിക്കു വേണ്ടി ഹാജരായി. ഇന്നലെ മോചിതയായ യുവതി അമ്മാവനും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് തിരിച്ചു. മെയ് 4നാണ് മംഗലാപുരത്തെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രിക്കും ഡിജിപിക്കും അച്ഛന്റെ ബന്ധുക്കള്‍ക്കും അഞ്ജലി വീഡിയോ സന്ദേശം അയച്ചത്. ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് ഒന്നര വര്‍ഷമായി ആര്‍എസ്എസ്ബിജെപി നേതാക്കളുടെ നിയന്ത്രണത്തില്‍ വീട്ടുകാര്‍ പലയിടത്തായി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ വീഡിയോ സന്ദേശം. മംഗലാപുരം കോടതിയുടെ നിര്‍ദേശപ്രകാരം യുവതിയെ പിന്നീട് മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
അച്ഛന്റെ പരിചയക്കാരനുമായുള്ള പ്രണയത്തെ അച്ഛന്റെ മരണത്തോടെയാണ് വീട്ടുകാര്‍ എതിര്‍ത്തത്. ആദ്യം തൃശൂരിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്കുംമാറ്റി. പിന്നീട് അമൃത ആശുപത്രിയില്‍ നിന്ന് മനോരോഗിയെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കുകയുമായിരുന്നു. പീന്നീട് വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി. കാമുകന്‍ രഹസ്യമായി എത്തിച്ചുനല്‍കിയ സിം കാര്‍ഡ് ഉപയോഗിച്ച് മംഗലാപുരത്തെ അജ്ഞാതകേന്ദ്രത്തില്‍ നിന്ന് കേരള ഡിജിപിയെ ഫോണില്‍ വിളിച്ചാണ് അഞ്ജലി ആദ്യം സഹായം തേടിയത്. തുടര്‍ന്ന് കര്‍ണാടക പോലിസിനെ വിവരമറിയിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മംഗലാപുരം വനിതാ പോലിസ് അമ്മയ്‌ക്കെതിരേ കേസ് എടുത്തു കോടതിയില്‍ ഹാജരാക്കി. പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അമ്മക്ക് ജാമ്യം അനുവദിച്ചു.
എന്നാല്‍, അമ്മയ്‌ക്കൊപ്പം പോകില്ലെന്ന് യുവതി ഉറച്ച നിലപാടെടുത്തു. ഇതോടെ കോടതി അഞ്ജലിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ഇവിടെ നിന്നാണ് യുവതി ഇപ്പോള്‍ മോചിതയായത്. കേസ് ഗുരുവായൂര്‍ സ്‌റ്റേഷനിലക്ക് മാറ്റി.

RELATED STORIES

Share it
Top