ഇതര മതസ്ഥനെ പ്രണയിച്ചതിന് ഒന്നര വര്‍ഷമായി സംഘപരിവാര തടങ്കലില്‍ പീഡിപ്പിക്കുന്നതായി യുവതിയുടെ വീഡിയോ സന്ദേശം

തൃശൂര്‍: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് ഒന്നര വര്‍ഷമായി ബിജെപി നേതാക്കളുടെ നിയന്ത്രണത്തില്‍ വീട്ടുകാര്‍ പലയിടത്തായി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി യുവതിയുടെ വീഡിയോ സന്ദേശം. തൃശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തെ സംബന്ധിച്ച് മംഗലാപുരത്തെ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് സാഹസികമായി അച്ഛന്റെ ബന്ധുക്കള്‍ക്കയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് വിവരം പുറത്തായത്. മംഗലാപുരം കോടതിയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയെ പിന്നീട് മഹിളാമന്ദിരത്തിലേക്ക് മാറ്റി. സംഭവത്തില്‍ കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ മംഗലാപുരത്തെ തടങ്കലില്‍ നിന്ന് കര്‍ണാടക പോലിസിന് മോചിപ്പിക്കാനായത്.

അച്ഛന്റെ പരിചയക്കാരനുമായുള്ള പ്രണയത്തെ അച്ഛന്റെ മരണത്തോടെയാണ് വീട്ടുകാര്‍ എതിര്‍ത്തത്. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്ക്  മാറ്റി. പിന്നീട് അമൃത ആശുപത്രിയില്‍ നിന്ന് മാനസികരോഗിയെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കി. തുടര്‍ന്നാണ് വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മാസങ്ങളായി നടക്കുന്ന ക്രൂര പീഡനത്തില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന് പെണ്‍കുട്ടി അച്ഛന്റെ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. അമ്മയോടുള്ള ദേഷ്യം തന്നോട് കാണിക്കരുതെന്നും അച്ഛന്റെ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നു.

മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് കേരള ഡിജിപിയെ ഫോണില്‍ വിളിച്ചാണ് പെണ്‍കുട്ടി ആദ്യം സഹായം തേടിയത്. കാമുകന്‍ രഹസ്യമായി എത്തിച്ചു നല്‍കിയ സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു വിളിച്ചത്. തുടര്‍ന്ന് കേരള ഡിജിപി കര്‍ണാടക പോലിസിനെ വിവരമറിയിച്ചു. കര്‍ണാടക ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം മംഗലാപുരം സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച സ്ഥലം പോലിസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മംഗലാപുരം വനിതാ പോലിസ് അമ്മക്കെതിരെ കേസ് എടുത്തു കോടതിയില്‍ ഹാജരാക്കി. മകള്‍ മാനസിക രോഗിയാണെന്ന നിലപാട് അമ്മ കോടതിയില്‍ ആവര്‍ത്തിച്ചു. പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അമ്മക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ അമ്മക്കൊപ്പം പോകില്ലെന്ന് പെണ്‍കുട്ടി ഉറച്ച നിലപാടെടുത്തു. ഇതോടെ കോടതി പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.

പെണ്‍കുട്ടിയെ കേരള പോലീസിന് വിട്ടുനല്‍കണമെന്ന് കര്‍ണാടക പോലിസ് കോടതിയില്‍ നിലപാടെടുത്തെങ്കിലും പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച മംഗലാപുരം സീനിയര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. മംഗലാപുരത്തെത്തിയ കേരള പോലിസിനെ പെണ്‍കുട്ടിയെ കാണാന്‍ പോലും മംഗലാപുരം പോലിസ് അനുവദിച്ചില്ല. ഇതോടെ കേരള ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം മംഗലാപുരത്തെത്തിയ ഗുരുവായൂര്‍ എസ്‌ഐ സുനുദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പോലുമാകാതെ കേരളത്തിലേക്ക് മടങ്ങി.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top