ഇതര മതസ്ഥനുമായി പ്രണയം ഒന്നര വര്‍ഷമായി സംഘപരിവാര തടങ്കലിലെന്ന്് യുവതിയുടെ വീഡിയോ സന്ദേശം

തൃശൂര്‍: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് ഒന്നര വര്‍ഷമായി ബിജെപി നേതാക്കളുടെ നിയന്ത്രണത്തില്‍ വീട്ടുകാര്‍ പലയിടത്തായി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി യുവതിയുടെ വീഡിയോ സന്ദേശം. തൃശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തെ സംബന്ധിച്ച് മംഗലാപുരത്തെ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് അച്ഛന്റെ ബന്ധുക്കള്‍ക്കയച്ച വീഡിയോ സന്ദേശത്തിലൂടെയാണു വിവരം പുറത്തായത്.
മംഗലാപുരം കോടതിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ പിന്നീട് മഹിളാമന്ദിരത്തിലേക്ക് മാറ്റി. സംഭവത്തില്‍ കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ മംഗലാപുരത്തെ തടങ്കലില്‍ നിന്ന് കര്‍ണാടക പോലിസ് മോചിപ്പിച്ചത്. അച്ഛന്റെ പരിചയക്കാരനുമായുള്ള പ്രണയത്തെ അച്ഛന്റെ മരണത്തോടെയാണ് വീട്ടുകാര്‍ എതിര്‍ത്തത്. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് അമൃത ആശുപത്രിയില്‍ നിന്ന് മാനസികരോഗിയെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കി. പിന്നീട് വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റുകയായിരുന്നു.
മാസങ്ങളായി നടക്കുന്ന ക്രൂരപീഡനത്തില്‍ നിന്നു തന്നെ രക്ഷിക്കണം. അമ്മയോടുള്ള ദേഷ്യം തന്നോട് കാണിക്കരുതെന്നും സന്ദേശത്തില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നു. മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് കേരള ഡിജിപിയെ ഫോണില്‍ വിളിച്ചാണ് പെണ്‍കുട്ടി ആദ്യം സഹായം തേടിയത്.
കാമുകന്‍ രഹസ്യമായി എത്തിച്ചുനല്‍കിയ സിം ഉപയോഗിച്ചായിരുന്നു വിളിച്ചത്. തുടര്‍ന്ന് കേരള ഡിജിപി കര്‍ണാടക പോലിസിനെ വിവരമറിയിച്ചു. കര്‍ണാടക ഡിജിപിയുടെ നിര്‍ദേശപ്രകാരം മംഗലാപുരം സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച സ്ഥലം പോലിസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ മംഗലാപുരം പോലിസ് അമ്മയ്‌ക്കെതിരേ കേസ് എടുത്തു കോടതിയില്‍ ഹാജരാക്കി. മകള്‍ മാനസികരോഗിയാണെന്ന നിലപാട് അമ്മ കോടതിയില്‍ ആവര്‍ത്തിച്ചു. പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ അമ്മയ്‌ക്കൊപ്പം പോവില്ലെന്ന് പെണ്‍കുട്ടി ഉറച്ച നിലപാടെടുത്തു. ഇതോടെ പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.
പെണ്‍കുട്ടിയെ കേരള പോലിസിന് വിട്ടുനല്‍കണമെന്നു കര്‍ണാടക പോലിസ് നിലപാടെടുത്തെങ്കിലും പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച മംഗലാപുരം സീനിയര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ആവശ്യം അംഗീകരിച്ചില്ല. കേരള പോലിസിനെ പെണ്‍കുട്ടിയെ കാണാന്‍ പോലും മംഗലാപുരം പോലിസ് അനുവദിച്ചില്ല. ഇതോടെ പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പോലുമാവാതെ കേരള പോലിസ് മടങ്ങുകയായിരുന്നു.

RELATED STORIES

Share it
Top