ഇതരസംസ്ഥാന യുവാവിന്റെ മുങ്ങിമരണം; സുഹൃത്ത് അറസ്റ്റില്‍

തൊടുപുഴ: ഇതരസംസ്ഥാന യുവാവ് തൊടുപുഴയാറ്റില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മാധവ്ഗ്രാം താലൂക്കിലെ സുരേന്ദ്ര സിങിന്റെ മകന്‍ ഉപേന്ദ്രസിങ് (22) ആണ് അറസ്റ്റിലായത്. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശി രാമചന്ദ്ര സിങ് (30) ആണ് കഴിഞ്ഞ 14ന് തൊടുപുഴയാറ്റില്‍ മുങ്ങിമരിച്ചത്. ഇരുവരും സുഹൃത്തുക്കളും ബന്ധുക്കളുമാണ്.
സംഭവത്തിന് ദൃക്‌സാക്ഷിയായ തമിഴ്‌നാട് സ്വദേശി പോലിസിന് രഹസ്യവിവരം നല്‍കിയതിനെത്തുടര്‍ന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്. കുളിക്കടവില്‍ വച്ച് ഇരുവരും വഴക്കിടുകയും ഉപേന്ദ്രസിങ് സുഹൃത്തിനെ ഒഴുക്കിലേക്ക് തള്ളിയിടുകയുമായിരുന്നു. പുറകെ ചാടി സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നാണ് ഇയാള്‍ പോലിസിന് നല്‍കിയ മൊഴി. രണ്ടു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലാണ് ഇരുവരുടെയും വീടുകള്‍.
മരണപ്പെട്ട രാമചന്ദ്ര സിങിന്റെ ഭാര്യ ഉപേന്ദ്ര സിങിന്റെ പിതൃസഹോദര പുത്രിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍, എസ്‌ഐമാരായ വിഷ്ണുകുമാര്‍, വി എം ജോസഫ്, സുധാകരന്‍, സിപിഒമാരായ ഉബൈസ്, രാമചന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top