ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കര്‍ശന നിര്‍ദേശം

കോഴിക്കോട്: ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി ജില്ലാഭരണകൂടം നടപ്പാക്കുന്ന ഗരിമ പദ്ധതിയുടെ ഭാഗമായി ഇതര സംസഥാന തൊഴിലാളികളുടെ ക്യാംപുകളുടെ വിവരങ്ങള്‍ 15ന് മുമ്പായി ജില്ലാ ഭരണകൂടത്തില്‍ അറിയിക്കണമെന്ന് ബില്‍ഡേഴ്‌സിന് ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
ഫെബ്രുവരി 15ന് ഓടെ ക്യാംപുകളില്‍ പരിശോധന നടത്താനും താമസയോഗ്യമല്ലാത്ത ക്യാംപുകള്‍ കണ്ടെത്തിയാല്‍ ഒരവസരം കൂടി നല്‍കും. ഇതിനിടയില്‍ പരിഹരിച്ചില്ലെങ്കില്‍ ക്യാംപ് അടച്ചുപൂട്ടും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ബില്‍ഡര്‍മാരെ ഇക്കാര്യം അറിയിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌വളരെയധികം ഇതരസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍താമസിക്കുന്നുണ്ട്. ഇവരുടെവാസസ്ഥലങ്ങള്‍ കണ്ടെത്തി അവിടുത്തെ ഭൗതികസൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യ, പോലിസ്, എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വഡുകള്‍ രൂപികരിച്ച്  പരിശോധന  നടത്തിയതിനു ശേഷം വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് നല്‍കുകയാണ് ഗരിമ പദ്ധതിയിലൂടെ ചെയ്യുന്നത്. തദ്ദേശസ്വയഭരണസ്ഥാപനത്തില്‍ നിന്നും അംഗീകൃത നമ്പര്‍ ഉള്ള  കെട്ടിടം, വെള്ളംകെട്ടിക്കിടക്കാത്ത വൃത്തിയായ സൈറ്റ്, ഒരാള്‍ക്ക് 2. 5 ചതുരശ്ര കാര്‍പെറ്റ് എരിയയോടു കൂടിയ കിടപ്പുമുറി, 10 പേര്‍ക്ക് 1 എന്ന് നിലയില്‍ കക്കൂസ്, സെപ്റ്റിക്ടാങ്ക്, സോക് പിറ്റ് സംവിധാനം, ഉറച്ച തറയോടും മറയോടും കൂടിയ കുളിമുറികള്‍, പ്രത്യേക അടുക്കള, ഖര മാലിന്യ സംസ്‌കരണസംവിധാനം, കുടിവെള്ളസംവിധാനം എന്നി 8 ഘടകങ്ങളുടെഅടിസ്ഥാനത്തിലാണ്താമസസ്ഥലത്തിന് ഗ്രേഡിങ് നല്‍കുന്നത്. 8 ഘടകങ്ങളുടെ ഓരോന്നിന്റെയും സൗകര്യങ്ങള്‍ പരിശോധിച്ച് അവയുടെ മികവ് അനുസരിച്ച് പല ഗ്രേഡുകളായി തരംതിരിക്കും. 18 മുകളില്‍ മാര്‍ക്ക ്‌ലഭിച്ച ക്യാംപിന്  ഗ്രേഡ് എ യും, 15 നും  17 നും ഇടയില്‍ മാര്‍ക്ക ്‌ലഭിച്ച ക്യാംപിന് ഗ്രേഡ് ബി യും, 10 നും 14 നും ഇടയ്ക്കുള്ളവര്‍ക്ക് ഗ്രേഡ് സിയും നല്‍കും. 10 നു താഴെ മാര്‍ക്കു ലഭിച്ച താമസസ്ഥലത്തെ ഗ്രേഡിങിന് പരിഗണിക്കുന്നതല്ല.
ഗ്രേഡിംഗ് കുറവായ സ്ഥലങ്ങളില്‍ 45 ദിവസത്തിനകം പുനപ്പരിശോധന നടത്തുകയും. സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയാത്തവ അടച്ചു പൂട്ടാനുമാണ് തീരുമാനം. ഇതിനകം പഞ്ചായത്ത് തലത്തില്‍ നടത്തിയ പരിശോധനയില്‍ 97 ക്യാംപുകള്‍ എ ഗ്രേഡും 158 ക്യാംപുകള്‍ ബി ഗ്രേഡും 268ക്യാംപുകള്‍ സി ഗ്രേഡുമായി കണ്ടെത്തിയരുന്നു. 341 ക്യാംപുകള്‍ 10 ല്‍ കുറവ് മാര്‍ക്ക് നേടിയവയാണ്. ജില്ലയില്‍ വിവിധ പഞ്ചായത്തുകൡലായി 875 ക്യാപുകളാണ് പരിശോധിച്ചത്. കോര്‍പറേഷന്‍ പരിധിയിലെ 163 ക്യാംപുകള്‍ പരിശോധന നടത്തി. ഇതില്‍ ഒരു ക്യാംപില്‍ മാത്രമാണ് എ ഗ്രേഡ് ഉള്ളത്. 68 എണ്ണത്തിന് സി ഗ്രേഡും 23 എണ്ണത്തിന് ബി ഗ്രേഡും ലഭിച്ചു. 76 എണ്ണത്തില്‍ 10 ല്‍ കുറവ് മാര്‍ക്കാണുള്ളത്. ജില്ലാ കലക്ടര്‍ യു വി ജോസ്,  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ, കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയറ്റ് പ്രൊഫസര്‍ വിലാസിനി , ആരോഗ്യകേരളം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. ഇ ബിജോയ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍  സംസാരിച്ചു.

RELATED STORIES

Share it
Top