ഇതരസംസ്ഥാന തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു

കൊണ്ടോട്ടി: ജോലിയും പണവുമില്ലാത്തതിനെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളി റോഡില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെ കൊണ്ടോട്ടി തുറക്കല്‍ എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം. ഒഡീഷ നവരംഗപ്പൂര്‍ ദേവരഗൗഡ, ബാട്ടിഗാന്‍ മഹിറാന്‍ കലാന്‍(30)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊടിഞ്ഞിയില്‍ താമസിച്ചുവരികയായിരുന്ന കലാന്‍ തൊഴില്‍ തേടിയാണ് തുറക്കലിലുള്ള കൂട്ടുകാരെ തേടിയെത്തിയത്. റോഡില്‍ വെച്ച് ഇവരെ കാണുകയും ചെയ്തു.
ജോലിയില്ലെന്നും രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും പറയുന്നതിനിടെയാണ് ഇയാള്‍ കഴുത്തില്‍ ബ്ലേഡ് വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതോടെ കൂടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു.
റോഡില്‍ വീണ കലാനെ ഉടന്‍ നാട്ടുകാരും പോലിസും ചേര്‍ന്ന് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കലാനെ കഴുത്തറുത്ത് കൂട്ടുകാര്‍ രക്ഷപ്പെട്ടതാണെന്ന നിഗമനത്തിലായിരുന്നു പോലിസ്. തുടര്‍ന്ന് മണിക്കൂറുകളോളം പ്രദേശം പരിശോധിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നീട് രൂപ സാദൃശ്യമുള്ള രണ്ടുപേലെ ചോദ്യം ചെയ്‌തെങ്കിലും തുമ്പായില്ല. ഇതിനിടെ ചികില്‍സയില്‍ കഴിയുന്ന കലാന് ബോധം തിരിച്ചു കിട്ടിയതോടെ സംഭവം വ്യക്തമാവുകയായിരുന്നു. ജോലിയും ഭക്ഷണവുമില്ലാതെ മനോനില തെറ്റിയതോടെയാണ് ആത്മഹത്യക്ത് ശ്രമിച്ചതെന്ന് ഇയാള്‍ പോലിസില്‍ മൊഴി നല്‍കി.

RELATED STORIES

Share it
Top