ഇടുങ്ങിയ മുറിയില്‍ പ്രതിരോധ കുത്തിവയ്പ്പ്: വിശ്രമത്തിന് സംവിധാനമില്ലാതെ അമ്മമാര്‍

കാസര്‍കോട്: ജനറല്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കുമ്പോഴും കുട്ടികള്‍ക്കുള്ള പ്രതിരോധകുത്തിവെപ്പിന് എത്തുന്നവര്‍ക്ക് അസൗകര്യമേറെ. പഴയകെട്ടിടത്തില്‍ സൂപ്രണ്ടിന്റെ കാര്യാലയത്തിന്റെ ഒന്നാംനിലയിലാണ് കുത്തിവെപ്പിന് സംവിധാനമൊരുക്കിയിട്ടുള്ളത്. ആഴ്ചയില്‍ മൂന്നുദിവസമാണ്് കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നത്. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമയം. 200 ഓളം കുട്ടികളെയാണ് കുത്തിവെപ്പിനായി അമ്മമാര്‍ കൊണ്ടുവരുന്നത്. എന്നാല്‍ സ്ഥലപരിമിതി മൂലം പല കുട്ടികള്‍ക്കും യഥാസമയം കുത്തിവെപ്പ് നടത്താനാവാതെ തിരിച്ചുപോകേണ്ടിവരുന്നു. ടോക്കണ്‍ സംവിധാനം പോലും ഏര്‍പ്പെടുത്തിയിട്ടില്ല. കുട്ടികളുമായി വരുന്ന മാതാവിനും കൂടെയുള്ളവര്‍ക്കും നിന്ന് തിരിയാന്‍ ഇടമില്ലാത്ത കുടുസ്സായ മുറിയിലാണ് വര്‍ഷങ്ങളായി കുത്തിവെപ്പ് നടത്തുന്നത്. ഈ മുറിയുടെ പുറത്ത് ഫയലുകള്‍ കൂട്ടിയിട്ട നിലയിലാണ്. ഇത് പൊടിപിടിച്ച് കിടക്കുകയാണ്. പകര്‍ച്ചാവ്യാധിക്ക് കാരണമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കുത്തിവെക്കുന്ന മുറിയില്‍ അലമാരയും മറ്റു ഫര്‍ണിച്ചറുകളും ഉണ്ട്. ഇതുമൂലം കൂടെവരുന്നവര്‍ക്ക് ഇരിക്കാന്‍ സംവിധാനമില്ല. കുത്തിവെപ്പിന് ശേഷം നിശ്ചിതസമയം കുട്ടിയെ നിരീക്ഷണത്തില്‍ കിടത്തണമെന്നാണ് ചട്ടം. എന്നാല്‍ ഇതിനും സംവിധാനമില്ല. മൂന്നുനഴ്‌സുമാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ശിശുരോഗ വിദഗ്ധന്‍ കുത്തിവെപ്പ് സ്ഥലത്ത് വേണമെന്നാണ് ചട്ടമെങ്കിലും ഇദ്ദേഹം പലപ്പോഴും ഒപിയിലായിരിക്കും. രണ്ടു കംപ്യൂട്ടറുകള്‍ പ്രസ്തുത മുറിയില്‍ ആവശ്യമുണ്ട്. ഇതും അനുവദിച്ചിട്ടില്ല. ഫാന്‍, ലൈറ്റുകളുടെ കുറവും അനുഭവപ്പെടുന്നുണ്ട്. കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനംപോലുമില്ല. ഇന്നലെ 200ഓളം പേരാണ് പ്രതിരോധ കുത്തിവെപ്പിനായി കുട്ടികളുമായി എത്തിയത്. എന്നാല്‍ പലര്‍ക്കും കുത്തിവെപ്പ് നടത്താനായില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കുട്ടികളുമായി രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തുന്നത്. സംഭവറിഞ്ഞ്് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍റഹ്്മാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, കരുണ്‍താപ്പ, എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ആസിഫ് സഹീര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. സൂപ്രണ്ടിനെ കാണാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം അവധിയിലായിരുന്നു. ആശുപത്രിയുടെ വികസന കാര്യത്തില്‍ സൂപ്രണ്ട് അലംഭാവം കാണിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ ഒഴിവ് നികത്താന്‍ പോലും ഇദ്ദേഹം തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്‌പെഷ്യല്‍ ഡോക്ടര്‍മാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കുട്ടികള്‍ക്ക് കുത്തിവെപ്പിന് ആധുനിക സൗകര്യങ്ങളുള്ള മുറി അനുവദിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top