ഇടുക്കി: സേനാവിഭാഗങ്ങള്‍ സജ്ജം- മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാവിഭാഗങ്ങളെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും.
കരസേന, നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ ജാഗരൂകരായി ഇരിക്കാനുള്ള സന്ദേശം നല്‍കിക്കഴിഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം വായുസേനയുടെ ഒരു എംഐ 17 വി ഹെലികോപ്റ്ററും എഎല്‍എച്ച് ഹെലികോപ്റ്ററും സദാ സജ്ജമാക്കി വച്ചിരിക്കുന്നു. നാവികസേനയെയും കരസേനയുടെ നാലു കോളം പട്ടാളക്കാരെയും വിന്യസിക്കാന്‍ തയ്യാറായി നില്‍ക്കുന്നു.
എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ്ഗാര്‍ഡ്  തയ്യാറാണ്. അതത് സമയങ്ങളില്‍ ആവശ്യമായ നിര്‍ദേശം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

RELATED STORIES

Share it
Top