ഇടുക്കി, മലപ്പുറം ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. കേരള തീരത്തുനിന്ന് 500 കിലോമീറ്റര്‍ മാറി ലക്ഷദ്വീപില്‍ രൂപം കൊണ്ട ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുകയാണ്. എന്നാല്‍, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും.
ന്യൂനമര്‍ദത്തെ തുടര്‍ന്ന് രൂപമെടുക്കുന്ന ചുഴലിക്കാറ്റ് കേരള തീരത്ത് വീശാന്‍ സാധ്യതയില്ലെങ്കിലും ഇതിന്റെ സ്വാധീനഫലമായി വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം, കേരള തീരത്തുനിന്ന് മല്‍സ്യബന്ധനത്തിനു പോയ തൊഴിലാളികളെല്ലാം തിരിച്ചെത്തിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.
മുന്നൊരുക്കത്തിന്റെ ഭാഗമായി കെഎസ്ഇബിക്കു കീഴിലുള്ള 14 ഡാമുകളില്‍ 13 എണ്ണവും തുറന്നു. ഇന്നലെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറാണ് 70 സെന്റിമീറ്റര്‍ തുറന്നത്. ഇവിടെ സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ ജലമാണ് ഒഴുക്കിവിടുന്നത്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അണക്കെട്ട് തുറന്നത്.

RELATED STORIES

Share it
Top