ഇടുക്കി ഡാമില്‍ 81 ശതമാനം വെള്ളം; ഒന്നേകാല്‍ മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ പീച്ചി ഡാം തുറക്കും

തൃശൂര്‍/ഇടുക്കി: പീച്ചി ഡാം തുറന്നേക്കുമെന്ന് ആദ്യ മുന്നറിയിപ്പ്. ഡാമിലെ ജലനിരപ്പ് 78 മീറ്ററിലെത്തി. ഒന്നേകാല്‍ മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ഇതിനാല്‍ ഡാമിന്റെ ഇടതുകര-വലതുകര കനാല്‍ പരിസരങ്ങളിലുള്ളവരും കുറുമാലി പുഴയോരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഡാം തുറന്നുവെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം മൂലം നിരവധി ആളുകളാണ് കഴിഞ്ഞദിവസങ്ങളില്‍ പീച്ചിയിലെത്തിയിരുന്നത്. അതേസമയം, ജില്ലയില്‍ അഞ്ചു ശതമാനം മഴ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു. ഇതുവരെ 1,265 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. സംസ്ഥാനത്ത് ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാള്‍ 67.4 അടി വെള്ളം കൂടുതലുണ്ട്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്കുപ്രകാരം 2386.54 അടിയാണ് സംഭരണിയിലെ ജലനിരപ്പ്- 81.113 ശതമാനം. 14.5 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. 2403 ആണ് പരമാവധി സംഭരണശേഷിയെങ്കിലും 2401 അടി എത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഭാഗമായുള്ള ഷട്ടര്‍ തുറന്നുവിടും. ഇതിനു മുമ്പ് 1982ലും 1992ലും ആണ് ഷട്ടര്‍ തുറക്കേണ്ടിവന്നത്. ഉല്‍പാദനം കൂട്ടി ഷട്ടര്‍ തുറക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് വൈദ്യുതി വകുപ്പിന്റെ ശ്രമം.

RELATED STORIES

Share it
Top