ഇടുക്കി ഡാം തുറക്കല്‍; ഒരുക്കങ്ങള്‍ തുടങ്ങി

തൊടുപുഴ: ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡും ജില്ലാ ഭരണകൂടവും ഒരുക്കങ്ങള്‍ തുടങ്ങി. ഡാം തുറക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഇടുക്കി താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് പ്രത്യേക വിഭാഗം രൂപീകരിച്ചു. ഇന്നലെ ഈ ഉദ്യോഗസ്ഥര്‍ വെള്ളം കയറാന്‍ ഇടയുള്ള പ്രദേശങ്ങള്‍ സംബന്ധിച്ച വിവരസമാഹരണം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെയേ അത് പൂര്‍ത്തിയാവൂ. ചെറുതോണിയിലെ ഷട്ടര്‍ തുറന്നാല്‍ വെള്ളം കയറാനിടയുള്ള പ്രദേശങ്ങളായ ടൗണ്‍ മുതല്‍ കരിമ്പന്‍, ചേലച്ചുവട്, പാംബ്ല വരെയുള്ള ജില്ലയുടെ ഭാഗങ്ങളിലാണ് ഇന്നലെ താലൂക്ക് ഓഫിസ് സംഘമെത്തി പരിശോധന നടത്തിയത്. അതിനിടെ, ഇടുക്കി വില്ലേജ് റീ സര്‍വേ നടത്താത്തത് സര്‍വേയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അഞ്ചു ഷട്ടറുകളില്‍ നടുവിലെ ആദ്യം തുറക്കുക. അതു തുറന്നുവിട്ട ശേഷമാവും മറ്റുള്ളവ തുറന്നുവിടുക. മണ്ണും കല്ലുമൊക്കെ ജലപ്രവാഹത്തെ തടയാനുള്ള സാധ്യത അധികൃതര്‍ കാണുന്നുണ്ട്. അതിനാല്‍, വന്‍ സുരക്ഷാക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ട്. ഷട്ടര്‍ ഉയര്‍ത്തുന്നതിനിടെ വൈദ്യുതി തടസ്സമൊഴിവാക്കാന്‍ ജനറേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ, വൈദ്യുതി മന്ത്രി എം എം മണി അണക്കെട്ട് സന്ദര്‍ശിച്ചു.
ഇടുക്കി മൂലമറ്റം പവര്‍ഹൗസിലെ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ നവീകരണത്തിനായി അടച്ചിട്ടിരിക്കുന്നത് ഒഴിച്ചാല്‍ എല്ലാ ജനറേറ്ററുകളും പരമാവധി പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഒഴുകിയെത്തുന്ന വെള്ളം പൂര്‍ണമായും വൈദ്യുതി ഉല്‍പപ്പാദനത്തിന് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഡാം തുറന്നു വിടേണ്ടി വരുന്നത്. എറണാകുളം ജില്ലാ കലക്ടര്‍, റെയില്‍വേ അധികൃതര്‍ തുടങ്ങിയവര്‍ക്കെല്ലാം വൈദ്യുതി ബോര്‍ഡ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top