ഇടുക്കി: ഓറഞ്ച് അലര്‍ട്ടിന് 0.42 അടി മാത്രം: ആദ്യ മുന്നറിയിപ്പിനുള്ള നടപടികള്‍ ഊര്‍ജിതം

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തതോടെ ആദ്യ മുന്നറിയിപ്പ്  പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതം. നീരൊഴുക്ക് ശക്തമായി തുടര്‍ന്നാല്‍  ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. നീരൊഴുക്ക് തിട്ടപ്പെടുത്തിയ ശേഷമേ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍  പരീക്ഷണാടിസ്ഥാനത്തില്‍ ഉയര്‍ത്തൂ.  നിലവില്‍ 2,394.58 ആണ് അണക്കെട്ടിലെ ജലനിരപ്പ്.


ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ചുവരുകയാണെന്നും അതീവ ജാഗ്രത പുലര്‍ത്തി മാത്രമേ തുടര്‍നടപടികളില്‍ തീരുമാനമുണ്ടാവൂ എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. 26 വര്‍ഷത്തിനു ശേഷം ചെറുതോണി അണക്കെട്ട് തുറക്കുമ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ 40 സെന്റിമീറ്റര്‍ വരെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.
2395 അടിയില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. നാലു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ട്രയല്‍ റണ്ണാണ് നടക്കുകയെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു വ്യക്തമാക്കി. നീരൊഴുക്ക് കുറയുന്ന സാഹചര്യമുണ്ടായാല്‍ അതിനു മുമ്പുതന്നെ ട്രയല്‍ റണ്‍ അവസാനിപ്പിക്കും. ജലം ഒഴുകിപ്പോവേണ്ട പാത തെളിക്കുകയെന്ന ഉദ്ദേശ്യവും ട്രയല്‍ റണ്ണിനുണ്ട്.  കണ്‍ട്രോള്‍ റൂം ഇന്നലെ രാത്രി തന്നെ തുറന്നു. ദുരന്ത നിവാരണ അതോറിറ്റി ടീമും ഇന്നലെ രാത്രി ഇടുക്കിയിലെത്തി സുസജ്ജരായിട്ടുണ്ട്.

RELATED STORIES

Share it
Top