ഇടുക്കി അണക്കെട്ട് നിറസമൃദ്ധിയിലേക്ക്; 24 അടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കും

ടി  എസ്  നിസാമുദ്ദീന്‍

ഇടുക്കി: കാലവര്‍ഷത്തില്‍ നീരൊഴുക്ക് ശക്തമായ ഇടുക്കി അണക്കെട്ടില്‍ 24 അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടര്‍ ഉയര്‍ത്തേണ്ടിവരും. സംഭരണശേഷിയുടെ 70 ശതമാനം നിറഞ്ഞ ഇടുക്കി അണക്കെട്ടിലേക്ക് ഇന്നലെ മാത്രം ഒഴുകിയെത്തിയത് അഞ്ചടിയിലേറെ ജലമാണ്.  2377.2 അടിയാണ് നിലവിലെ ജലനിരപ്പ്.
ഇടുക്കി അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. സുരക്ഷ മുന്‍നിര്‍ത്തി മുമ്പ് രണ്ടുതവണയും 2401 അടിയില്‍ ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ 24 അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 1981 ഒക്ടോബര്‍ 22നും 1992 ഒക്ടോബര്‍ 11നുമാണ് മുമ്പ് അണക്കെട്ട് തുറന്നത്. 1489.635 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം ഇടുക്കി അണക്കെട്ടിലുണ്ട്. ഇടുക്കി വൃഷ്ടിപ്രദേശത്ത് ഇന്നലെ 7.32 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ നീരൊഴുക്ക് ഇനിയും വര്‍ധിക്കും.
അതേസമയം, കേരളത്തിലെ മറ്റ് അണക്കെട്ടുകളെല്ലാം നിറഞ്ഞതിനാല്‍ ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം കുറച്ചു. കേരളത്തിന്റെ ജലസംഭരണിയായ ഇടുക്കിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് ഇന്നലെ മൂലമറ്റം പവര്‍ ഹൗസില്‍ 2.244 ദശലക്ഷം വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിച്ചത്. ശബരിഗിരി പദ്ധതിയില്‍ 4.437 ദശലക്ഷം വൈദ്യുതിയും ഉല്‍പാദിപ്പിച്ചു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളായ കുറ്റിയാടി, തരിയോട്, പൊന്‍മുടി, കല്ലാര്‍കുട്ടി, പൊരിങ്ങോംകുത്ത്, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലെത്തി.
ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 10.9 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ എല്ലാ അണക്കെട്ടുകളിലും കൂടി 2945.333 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം നിലവിലുണ്ട്. ഇത് ആകെ സംഭരണശേഷിയുടെ 71 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം, സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആകെ 914.83 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം അത് മൂന്നിരട്ടിയോളം വര്‍ധിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top