ഇടുക്കി അണക്കെട്ട് ഉപഗ്രഹ സര്‍വേ: പുഴയുടെ തീരത്ത് 4500 കെട്ടിടങ്ങള്‍

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നാല്‍ വെള്ളം ഒഴുകിപ്പോവുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളില്‍ 4,500 കെട്ടിടങ്ങളുണ്ടെന്ന് ഉപഗ്രഹ സര്‍വേ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ശേഖരിച്ച കണക്കാണിത്. സര്‍വേയുടെ അടിസ്ഥാനത്തില്‍ ഡാം തുറന്നാല്‍ ബാധിക്കുന്ന കെട്ടിടങ്ങളുടെ വ്യക്തമായ കണക്കുകള്‍ ശേഖരിച്ചുവരുകയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
2017 വരെയുള്ള ഉപഗ്രഹ ചിത്രങ്ങളാണ് അതോറിറ്റി ശേഖരിച്ചത്. വ്യത്യസ്ത ഉപഗ്രഹങ്ങളില്‍നിന്നു ശേഖരിച്ച വിവരങ്ങളും ഗൂഗഌല്‍ നിന്നുള്ള വിവരങ്ങളും കോര്‍ത്തിണക്കിയാണു പട്ടിക തയ്യാറാക്കിയത്. സര്‍വേയുടെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ ജില്ലയില്‍ ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
വേള്‍ഡ് വ്യൂ, ഐക്കനോസ്, സ്‌പോട്ട് തുടങ്ങിയ ഉപഗ്രഹങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളാണു കെട്ടിടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രധാനമായും ആശ്രയിച്ചത്. നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിനു കീഴിലുള്ള ഹൈദരാബാദിലെ നാഷനല്‍ ഡാറ്റാ സെന്ററില്‍നിന്നാണു ദുരന്തനിവാരണ അതോറിറ്റിക്ക് ഉപഗ്രഹചിത്രങ്ങള്‍ ലഭിക്കുന്നത്. ആവശ്യമറിയിക്കുമ്പോള്‍ നാഷനല്‍ ഡാറ്റാ സെന്റര്‍ വിദേശക്കമ്പനികളില്‍ നിന്നു ചിത്രങ്ങള്‍ വാങ്ങി ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും.
ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് കെഎസ്ഇബി തീരുമാനം. ചെറുതോണി ഷട്ടര്‍ തുറന്നാല്‍ ചെറുതോണിപ്പുഴയിലേക്കാണ് വെള്ളം ആദ്യം എത്തുന്നത്. ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി വില്ലേജുകളിലുള്ള കുടുംബങ്ങളെയാണ് കൂടുതല്‍ ബാധിക്കാന്‍ സാധ്യത. എന്നാല്‍, ഷട്ടറുകള്‍ തുറന്നു വെള്ളം പുറത്തേക്കൊഴുക്കുന്നത് നിയന്ത്രിതമായ അളവിലായതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 2392. 42 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരമാണിത്. ജലനിരപ്പ് 2400 അടിയെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് കെഎസ്ഇബി തീരുമാനം. ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ കെഎസ്ഇബി രണ്ടാമത്തെ ജാഗ്രതാനിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) നല്‍കും. ആദ്യ ജാഗ്രതാനിര്‍ദേശം വ്യാഴാഴ്ച നല്‍കിയിരുന്നു.
സംഭരണശേഷിയുടെ 87.34 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇടുക്കി ഡാമില്‍ 2319.08 അടി വെള്ളമാണ് ഉണ്ടായിരുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ ഗണ്യമായി കുറഞ്ഞു. 37.2 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്.

RELATED STORIES

Share it
Top