ഇടുക്കി അണക്കെട്ട്‌ : ഓറഞ്ച് അലര്‍ട്ട്‌ ; ജലനിരപ്പ് 2,395 അടി

സി  എ  സജീവന്‍

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,395 അടി കടന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചു. എന്നാല്‍, ട്രയല്‍റണ്‍ സംബന്ധിച്ച കാര്യത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായഭിന്നതയാണ് തീരുമാനം നീളുന്നതിനു കാരണമെന്ന് സൂചനയുണ്ട്.
തിങ്കളാഴ്ച രാത്രി ഒമ്പതിന് നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് 2,395 അടിയായി ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഇനി റെഡ് അലര്‍ട്ട് നല്‍കിയശേഷം അണക്കെട്ട് തുറക്കുന്നതിന് നടപടി സ്വീകരിക്കും. ഡാമിലെ നീരൊഴുക്കും മഴയും കണക്കിലെടുത്ത് റെഡ് അലര്‍ട്ട് നല്‍കിയതിനുശേഷം ഇടുക്കി ഡാം തുറന്നുവിടുമെന്ന് വൈദ്യുതി ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, ജലനിരപ്പ് എത്ര അടി എത്തുമ്പോഴാണ് റെഡ് അലര്‍ട്ട് നല്‍കുകയെന്ന് വ്യക്തമാക്കുന്നില്ല.
ജലനിരപ്പ് ഇനിയും ഉയര്‍ന്ന് 2399 അടിയാവുമ്പോഴാകും അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) നല്‍കുകയെന്നാണ് കരുതുന്നത്. അതിനുശേഷം ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കും. പെരിയാറിന്റെ തീരത്ത് അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡാമിന്റെ മുഖഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളാണ് ഇനി നടത്തുക. മൈക്കിലൂടെയും നേരിട്ടും അതീവ ജാഗ്രതാനിര്‍ദേശം നല്‍കി 24 മണിക്കൂറിനുള്ളില്‍ മാത്രമേ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുകയുള്ളൂ.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. അതിനിടെ, ഏറ്റവും പെട്ടെന്ന് 200 കുടുംബങ്ങളെയാകും മാറ്റിത്താമസിപ്പിക്കേണ്ടിവരുകയെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. ഷട്ടര്‍ തുറക്കുന്നതിനു മുന്നോടിയായി ചപ്പാത്തുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ ജലമുയരുന്ന മേഖലയിലുള്ളത് 400 വീടുകളാണെന്ന് റവന്യൂ അധികൃതര്‍ സര്‍വേയിലൂടെ സ്ഥിരീകരിച്ചു. 1500ലേറെ അംഗങ്ങളാണ് ഈ വീടുകളിലുള്ളത്. ഇവര്‍ക്കു നോട്ടീസുകള്‍ നല്‍കി. കീരിത്തോട് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പോലിസ് ജാഗ്രതാനിര്‍ദേശം നല്‍കിക്കൊണ്ടുള്ള നോട്ടീസ് കൈമാറി. ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വില്ലേജ് അധികൃതരുടെയും നേതൃത്വത്തിലാണിത്. അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കേണ്ട ഏതാനും കുടുംബങ്ങളും പെരിയാര്‍ തീരത്ത് അധിവസിക്കുന്നുണ്ടായിരുന്നു. ഇവരെ ഇന്നലെ തന്നെ ഇവിടങ്ങളില്‍ നിന്നു മാറ്റി.
സാധാരണഗതിയില്‍ വെള്ളം കയറാത്ത സ്ഥലമാണെങ്കിലും ദുരന്തനിവാരണ സേനയുടെ വിലയിരുത്തലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷിതസ്ഥലത്തേക്ക് മാറുന്നതിന് തയ്യാറാവണമെന്ന് ആളുകളെ അറിയിച്ചിട്ടുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിരിക്കുന്നതെന്നും കിംവദന്തികളും പൊതുജനങ്ങളില്‍ ആശങ്കയും പടരാതിരിക്കാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നും കലക്ടര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും പണവും നനയാത്തവിധം കവറിനുള്ളില്‍ സൂക്ഷിക്കണം.
വെള്ളം ഒഴുകുന്ന വഴികളിലുള്ള ചപ്പാത്തുകള്‍, പാലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താനോ അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കാനോ അനുവദിക്കില്ല. ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്ന സമയത്ത് മീന്‍പിടിത്തം യാതൊരുതരത്തിലും അനുവദിക്കില്ലെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top