ഇടുക്കിയില്‍ 40ല്‍ അധികം കെഎസ്ആര്‍ടിസി ബസ്സുകള്‍ കട്ടപ്പുറത്ത്കു

മളി: സ്‌പെയര്‍ പാര്‍ട്‌സും ടയറും ഇല്ലാതെ വന്നതോടെ ജില്ലയിലെ വിവിധ ഡിപ്പോകളിലായി 40ല്‍ അധികം കെഎസ്ആര്‍ടിസി ബസ്സുകള്‍ കട്ടപ്പുറത്തായി. കുമളി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ മാത്രം സ്‌പെയര്‍ പാര്‍ട്‌സുകളും സ്‌റ്റെപ്പിനി ടയറുകളും ഇല്ലാത്തിനാല്‍ ഷെഡ്ഡില്‍ കയറ്റിയത് പതിനാറോളം ബസ്സുകളാണ്.
അധികൃതരുടെ അനാസ്ഥയില്‍ സര്‍വീസ് മുടങ്ങി ബസ്സുകള്‍ കട്ടപ്പുറത്തായതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രതിസന്ധിയിലുമായി. അന്തര്‍ സംസ്ഥാന സര്‍വീസുകളുള്‍പ്പെടെ പതിനാറോളം ബസ്സുകളാണ് ഒരാഴ്ചയായി മുടങ്ങിയത്.
തൊടുപുഴയില്‍ 18 ബസുകളാണ് ടയറില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം സര്‍വീസിന് അയയ്ക്കാന്‍ സാധിക്കാതെ വന്നത്. ആവശ്യത്തിന് ടയര്‍ എത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്താകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
മൂലമറ്റം ഡിപ്പോയിലെ ആറ്, കട്ടപ്പന ഡിപ്പോയിലെ പത്ത്, നെടുങ്കണ്ടത്തെ അഞ്ച്, മൂന്നാറിലെ രണ്ട്, കുമളിയിലെ നാല് എന്നിങ്ങനെ ബസുകളാണ് ഇന്നലെ കട്ടപ്പുറത്തായത്. പല പ്രധാന സര്‍വീസുകളും ഇന്നലെ റദ്ദ് ചെയ്തിരുന്നു. ഈ നില തുടര്‍ന്നാല്‍ ജില്ലയിലെ കെഎസ്ആര്‍ടിസി സര്‍വീസ് താറുമാറാകും.
കുമളി ഡിപ്പോയില്‍ ടയര്‍ പഞ്ചറായി  ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി. ഇവയ്ക്ക് മാറ്റിയിടാന്‍ സ്‌റ്റെപ്പിനി ടയറും ഇല്ലാതായി. തുടര്‍ന്ന് ഷട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ ടയറുകള്‍ ഊരി ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഇട്ടു. ഇതോടെ തോട്ടം മേഖലയടക്കമുള്ള ഉള്‍ഗ്രാമ പ്രദേശങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ മുടങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കാല്‍നടയായും ടാക്‌സി വാഹനങ്ങളെ ആശ്രയിച്ചും പട്ടണ പ്രദേശങ്ങളിലേക്ക് എത്തേണ്ട ഗതികേടിലാണ്  നാട്ടുകാര്‍.
സര്‍വീസുകള്‍ മുടങ്ങിയതോടെ ഇതുവരെ പത്തുലക്ഷത്തിലേറെ രൂപ നഷ്ടം കോര്‍പറേഷനുണ്ടായതായാണ് കണക്കാക്കുന്നത്. കൂടാതെ പെരുവഴിയിലായ ബസുകളുടെ നഷ്ടം വേറെയും. ഹൈറേഞ്ച് റൂട്ടില്‍ കണ്ടീഷനല്ലാത്ത ടയറുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിനു ജീവനക്കാര്‍ മടിക്കുന്നു. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ടയറുകളുപയോഗിച്ചാണ് ജില്ലയില്‍ പല ബസുകളും സര്‍വീസ് നടത്തുന്നത്.  ഇതോടൊപ്പം ആവശ്യത്തിന് സ്‌പെയര്‍പാര്‍ട്‌സുകളില്ലാത്തതും തിരിച്ചടിയായിട്ടുണ്ട്.
ബസുകളുടെ കാലപ്പഴക്കവും കലക്ഷനില്‍ ഇടിവുണ്ടാകാന്‍ കാരണമായിട്ടുണ്ട്.  ഉപ്പുതറ,ആനവിലാസം,മേരികുളം തുടങ്ങിയ മേഖലകളിലെ ജനങ്ങളേറെയും ആശ്രയിച്ചിരുന്നത് കെ എസ് ആര്‍ ടിസി ബസുകളെയാണ്.
എന്നാല്‍ കട്ടപ്പുറത്തായിരിക്കുന്നത് ഒമ്പത് ബസ്സുകള്‍ മാത്രമാണെന്നതാണ് അധികൃതരുടെ വിശദീകരണം. ഇവയുടെ ടയറുകള്‍ മാറ്റിയിട്ട് അടുത്ത ദിവസ്സം തന്നെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കെ എസ് ആര്‍ ടി സി സോണല്‍ ഓഫീസര്‍ സുരേഷ് പറഞ്ഞു.
കൃത്യമായി സര്‍വ്വീസ് നടത്തിയിരുന്ന ഹ്രസ്വദൂര കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഇല്ലാതായതോടെ തോട്ടം തൊഴിലാളികളും ദുരിതത്തിലായി. പെന്‍ഷനും ശമ്പളവും നല്‍കാനാകാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

RELATED STORIES

Share it
Top