ഇടുക്കിയില്‍ പുതിയ പവര്‍ ഹൗസ് ; സാധ്യതാ പഠനത്തിനൊരുങ്ങി വൈദ്യുതിബോര്‍ഡ്‌

സി എ സജീവന്‍

തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായി പുതിയൊരു പവര്‍ഹൗസ് കൂടി സ്ഥാപിക്കുന്നത് സംബന്ധിച്ച സാധ്യതാപഠനത്തിന് വൈദ്യുതി ബോര്‍ഡ് ഒരുങ്ങുന്നു. ഇതുമായി മുന്നോട്ടുപോവാന്‍ വൈദ്യുതിമന്ത്രി എം എം മണിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുമതി ലഭിച്ചതായി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള വെളിപ്പെടുത്തി.
ഇടുക്കി അണക്കെട്ടിലെ വെള്ളം പ്രയോജനപ്പെടുത്തി കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയെന്നതാണ് ആശയം.വിഷയം അടുത്ത ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. ജനറേഷന്‍ വിഭാഗത്തിന് പദ്ധതി നിര്‍ദേശം സമര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനെപ്പോലുള്ള കേന്ദ്ര ഏജന്‍സിയോട് ഈ പദ്ധതിയുടെ സാധ്യതയെക്കുറിച്ചു പഠിക്കാന്‍ ആവശ്യപ്പെടാനാണ് തീരുമാനം. അവരുടെ റിപോര്‍ട്ടനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോവും. അണക്കെട്ടില്‍ ഒഴുകിയെത്തുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഭാവിയില്‍ പ്രളയം നിയന്ത്രിക്കുന്നതിനും പുതിയ നിലയം സഹായകമാവുമെന്നാണ് കരുതുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഇടുക്കിയില്‍ പമ്പിങ് സ്‌റ്റോറേജ് വൈദ്യുതി നിലയത്തെക്കുറിച്ചുള്ള ആലോചന മുമ്പേ തുടങ്ങിയതാണ്. നാലുവര്‍ഷം മുമ്പ് ഇതുസംബന്ധിച്ച് പ്രാഥമിക പഠനവും പ്രൊജക്റ്റ് നിര്‍ദേശം തയ്യാറാക്കലും കെഎസ്ഇബി നടത്തിയിരുന്നു. എന്നാല്‍ അതിനെക്കുറിച്ചറിയില്ലെന്നും ഇത് പുതിയ ചിന്തയാണെന്നുമാണ് ചെയര്‍മാന്റെ നിലപാട്.

RELATED STORIES

Share it
Top