ഇടുക്കിയില്‍ ഒഴുക്കിക്കളഞ്ഞത് മൂന്നു കോടിയുടെ വൈദ്യുതിക്കുള്ള ജലം

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി തുറന്ന ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കിക്കളഞ്ഞത് മൂന്നുകോടി രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന ജലം. 28 മണിക്കൂര്‍ 15 മിനിറ്റ് തുറന്നുവച്ച അണക്കെട്ടിന്റെ മധ്യ ഷട്ടര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് താഴ്ത്തിയിരുന്നു. ശനിയാഴ്ച 11 മണിക്ക് ഉയര്‍ത്തിയ ചെറുതോണി അണക്കെട്ടിന്റെ മധ്യ ഷട്ടറിലൂടെ 508 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ഒഴുക്കിയത്. ശരാശരി വിലയായ നാലു രൂപ വച്ചു കണക്കാക്കിയാല്‍ തന്നെ 2.99 കോടി രൂപയുടെ വൈദ്യുതിക്കുള്ള ജലമുണ്ട് ഇത്. കേരളം രണ്ടാഴ്ച മുമ്പ് പുറത്തുനിന്നു വൈദ്യുതി വാങ്ങിയ വിലയായ 9 രൂപ വച്ച് കണക്കുകൂട്ടിയാല്‍ 6.72 കോടിയുടെ വെള്ളമാണ് നഷ്ടപ്പെട്ടത്. 2387 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 82 ശതമാനമാണിത്. 7.47 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇത്രയും വെള്ളം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കാനാവും.
ഇപ്പോള്‍ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്ന നിലപാടിലാണ് കെഎസ്ഇബി അധികൃതരുള്ളത്. വൈദ്യുതി ബോര്‍ഡ് കൈകാര്യം ചെയ്യുന്ന അണക്കെട്ടുകളില്‍ നിലവില്‍ 80 ശതമാനം വെള്ളമുണ്ട്. ഇത്രയും വെള്ളം കൊണ്ട് 3310.51 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. മഴയില്ലാത്ത സാഹചര്യത്തില്‍ ഡാമുകള്‍ കൂട്ടത്തോടെ തുറക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്. അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറക്കേണ്ടിവന്നത് പ്രളയശേഷം ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴച മൂലമാണ്.
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും എത്ര ജലം വരെ സംഭരിക്കാമെന്ന് വൈദ്യുതി ബോര്‍ഡുമായി ധാരണയുണ്ടാക്കിയിരുന്നെങ്കില്‍ ഇടുക്കി അടക്കമുള്ള കരുതല്‍ സംഭരണികള്‍ തുറന്ന് ജലം പാഴാക്കേണ്ടിവരുമായിരുന്നില്ല. ഇത്തരത്തിലുള്ള ധാരണയില്ലാതിരുന്നതു മൂലമാണ് കഴിഞ്ഞ രണ്ടാഴ്ച ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ ഉല്‍പാദനം കുറച്ച് നിര്‍ത്തിയത്. രണ്ടു ദിവസമായി ശരാശരി 14 ദശലക്ഷം യൂനിറ്റ് ഉല്‍പാദനമുണ്ട്. പ്രളയം നേരിടുന്നതില്‍ സര്‍ക്കാരിനു വന്ന വീഴ്ചകളുടെ പ്രായശ്ചിത്തമായാണ് കഴിഞ്ഞ ദിവസം അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നുവിട്ട നടപടിയെ വിലയിരുത്തുന്നത്. പക്ഷേ, ഇതിലൂടെ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കെഎസ്ഇബി അധികൃതരുടെ വാക്ക് വിശ്വസിച്ചതിനാലാണ് കഴിഞ്ഞ തവണ ഏറെ പഴി കേള്‍ക്കേണ്ടി വന്നതെന്നാണ് സര്‍ക്കാര്‍ പക്ഷം. അതിനാല്‍, ഇക്കുറി മുഖ്യമന്ത്രി നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.
കേരളത്തെ തകര്‍ത്ത പ്രളയം സംഭവിച്ചത് അണക്കെട്ടുകള്‍ തുറന്നത് മൂലമല്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെയാണ് കാലാവസ്ഥാ മുന്നറിയിപ്പിന്റെ പേരില്‍ അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് റെഡ് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇന്നലെ വൈകീട്ട് മാത്രമാണ് ഇടുക്കിയുടെ ഷട്ടര്‍ താഴ്ത്തിയത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ തീരേ പെയ്തിട്ടില്ല.

RELATED STORIES

Share it
Top