ഇടുക്കിയിലേക്കു കഞ്ചാവ് കടത്ത് വനപാതയിലൂടെ

അടിമാലി: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ക്കശമായതോടെ തമിഴ്‌നാട്ടില്‍നിന്നു വന പാനതകളിലൂടെ ഇടുക്കിയിലേക്ക് കഞ്ചാവ് കടത്തുന്നു. കുമളി, കമ്പംമെട്ട്, ചിന്നാര്‍, ബോഡിമെട്ട് എന്നിവയാണ് ഇടുക്കിയിലെ പ്രധാന ചെക്ക്‌പോസ്റ്റുകള്‍. വനത്തിലൂടെ തലച്ചുമടായി ഇടുക്കിയുടെ വിവിധ അതിര്‍ത്തി മേഖലകളില്‍ കഞ്ചാവെത്തുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അടുത്തിടെയാണ് കേരളത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന കഞ്ചാവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ മാര്‍ഗമാണ് എത്തിക്കുന്നത്. ഇവിടെ നിന്നുമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇവിടെയെത്തിക്കുന്ന കഞ്ചാവ് ഇടുക്കിയുടെ സ്വന്തം ബ്രാന്‍ഡ് എന്ന് കാട്ടിയാണ് കേരളത്തിലുടനീളം വില്‍ക്കുന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഏറ്റവും വിലയേറിയ ഒന്നാണ് ഇടുക്കിയുടെ പ്രത്യേക കാലവസ്ഥയില്‍ മാത്രം വിളയുന്ന കഞ്ചാവ്.
ഇത് മുതലെടുത്താണ് ഇടുക്കി കഞ്ചാവ് എന്ന പേരില്‍ കഞ്ചാവ് വില്‍ക്കുന്നതിന് മയക്കുമരുന്ന് മാഫിയ ജില്ലയെ ഇടത്താവളമാക്കുന്നത്. രാത്രിയില്‍ മാത്രം നടക്കുന്ന ഇത്തരം കടത്തിന് പരമ്പരാഗത കാനനപാതകളാണ് മാഫിയ മുന്‍പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇവിടങ്ങളിലും പരിശോധന ശക്തമായതോടെ കൊടുംവനത്തിലൂടെ പുതിയ പാത ഉണ്ടാക്കിയാണ് കഞ്ചാവ് കടത്ത്. അടുത്തിടെ ഇടുക്കിയില്‍ പിടിച്ച 50 കിലോ കഞ്ചാവ് ഇത്തരത്തില്‍ കടത്തിക്കൊണ്ട് വന്നതെന്നാണ് വിവരം. രാമക്കല്‍മേട്, ഒട്ടകതലമേട്, ബോഡിമെട്ട്, ചതുരംഗപ്പാറമെട്ട് എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ അതിര്‍ത്തി കടന്നെത്തുന്നത്.
ഇടുക്കിയില്‍ വിളയുന്ന നീലച്ചെടയന്‍, ജീരകച്ചെടയന്‍ തുടങ്ങിയവ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏറെ വിലയുള്ള ഇനങ്ങളാണ്. ഇതര സംസ്ഥാനങ്ങലില്‍നിന്നു വരുന്ന കഞ്ചാവ് ഇതുമായി കൂട്ടിക്കലര്‍ത്തി വില്‍പന നടത്തുന്നു. കൂറ്റന്‍ മല താണ്ടിയാണ് ചുമട്ടുകാര്‍ കഞ്ചാവെത്തിക്കുന്നത്. കിലോഗ്രാമിന് 500, 1000 രൂപ വരെയാണ് ചുമട്ടുകാര്‍ വാങ്ങുന്നത്. 20 കിലോ വരെ തലച്ചുമടായി ഒരാള്‍ അതിര്‍ത്തി കടത്തുന്നു. പ്രത്യേകം സിഗ്‌നലുകളും സഹായികളും കഞ്ചാവ് കടത്തുകാര്‍ക്ക് ഉണ്ട്. ഇങ്ങനെ കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ആളൊഴിഞ്ഞ സ്ഥലങ്ങള്‍, കുറ്റിക്കാടുകള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിക്കും. ഇടുക്കിയില്‍ പെരിഞ്ചാംകുട്ടിയിലെ അതിര്‍ത്തി മേഖലകളിലാണ് കഞ്ചാവ് ഇത്തരത്തില്‍ ശേഖരിക്കുന്നത്.
ജില്ലയില്‍ നിരവധി കേസുകള്‍ പോലീസും എക്‌സൈസും പിടികൂടിയിട്ടുണ്ടെങ്കിലും ഇതിലേറെയും കഞ്ചാവ് മാഫിയായുടെ കുടിപ്പകയുടെ ഭാഗമായി മാത്രം സാധിക്കുന്നതാണ്. എന്നാല്‍ കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന് എക്‌സൈസ് നാര്‍ക്കോട്ടിക് വിഭാഗത്തിന് സാധിച്ചിട്ടില്ല.

RELATED STORIES

Share it
Top