ഇടുക്കിയടക്കമുള്ള ജില്ലകളില്‍ കനത്ത മഴ

ഇടുക്കി: സംസ്ഥാനത്ത് ഇടുക്കിയടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം വെള്ളിയാഴ്ച കോട്ടയം ജില്ലയിലെ വൈക്കത്താണ് ഏറ്റവും അധികം മഴ ലഭിച്ചത്, 7.02 സെന്റിമീറ്റര്‍. സംസ്ഥാനത്ത് ഏറ്റവും അധികം വേനല്‍ മഴ ലഭിച്ച സ്ഥലവും ഇത് തന്നെയാണ്. ലോവര്‍ പെരിയാര്‍ റിസര്‍വോയര്‍ പ്രദേശത്ത് നാല് സെന്റിമീറ്റര്‍, നേര്യമംഗലത്ത് രണ്ട് സെന്റിമീറ്റര്‍ എന്നിങ്ങനെ മഴ ലഭിച്ചു.
സംസ്ഥാനത്താകെ 8.313 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് സംഭരണികളിലേക്ക് വെള്ളിയാഴ്ച ഒഴുകിയെത്തിയത്. ഇടുക്കിയിലേയ്ക്കാണ് ഏറ്റവും ശക്തമായ നീരൊഴുക്കുള്ളത്. വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലാകെ ഇനി അവശേഷിക്കുന്നത് 29 ശതമാനം വെള്ളമാണ്. 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് തിരുവന്തപുരത്തെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ ഇടിയും കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്.
വടക്കന്‍ ജില്ലകളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചപ്പോള്‍ തെക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞു. പാലക്കാട് 2.76 സെന്റിമീറ്റര്‍, കോഴിക്കോട് 3.76, ആലപ്പുഴ 4.18, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ചെറിയ തോതില്‍ മാത്രമാണ് മഴ ലഭിച്ചത്.
തൊടുപുഴ അടക്കമുള്ള സ്ഥലങ്ങളില്‍ ഉച്ച തിരിഞ്ഞ് ആരംഭിക്കുന്ന മഴ രാത്രി ഏറെ വൈകിയാണ് അവസാനിക്കുന്നത്.

RELATED STORIES

Share it
Top