ഇടി കൊണ്ട് കുഴഞ്ഞു വീഴുകയും മലം വിസര്‍ജ്ജിക്കുകയും ചെയ്തു,നിന്നെ കൊണ്ട് തന്നെ ഇത് കോരിക്കും-പോലിസുകാരന്‍ ആക്രോശിച്ചു: കസ്റ്റഡി മര്‍ദനം,മനുഷ്യാവകാശ പ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാവുന്നു

കോഴിക്കോട്: വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തുഷാര്‍ നിര്‍മല്‍ നേരിട്ട് കണ്ട കസ്റ്റഡി മര്‍ദനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അനുഭവം വൈറലാവുന്നു. പോസ്റ്റ് ഇങ്ങനെ-
ഒരു ഞായറാഴ്ച്ച രാവിലെ ഒരു പതിനൊന്ന് മണി കഴിഞ്ഞു കാണും. ഞാന്‍ മറ്റൊന്നും ചെയ്യാനില്ലാതെ ലോക്കപ്പില്‍ കിടന്നും നടന്നും പാറാവ് നില്‍ക്കുന്ന പോലിസുകാരനോട് ഓരോന്ന് പറഞ്ഞും സമയം കളയുന്നതിനിടക്ക് ഒരു സംഘം ആളുകള്‍ സ്‌റ്റേഷനിലേക്ക് കയറി വന്നു. ഏകദേശം നാല്‍പ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളെ പിടിച്ചു കൊണ്ടാണ് വരുന്നത്. 'പോക്കറ്റടിക്കാന്‍ നോക്കിയപ്പോള്‍ പിടിച്ചതാണ്' എന്ന് പറഞ്ഞ് അവര്‍ അയാളെ പാറാവു നിന്ന പോലിസുകാരന്റെ മുന്നിലേക്ക് പിടിച്ചു നിറുത്തി. ഉടനെ സ്‌റ്റേഷന്‍ റൈറ്റര്‍ അയാളോട് സ്‌റ്റേഷന്റെ ഇടനാഴിയിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. അയാളെ കൊണ്ടു വന്ന സംഘത്തില്‍ കാക്കി ഷര്‍ട്ട് ഇട്ട ഒരാള്‍ മുന്നോട്ടു വന്ന് താന്‍ ബസ്സിലെ കണ്ടക്ടര്‍ ആണെന്നും യാത്രക്കാരില്‍ ഒരാളുടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിനിടെ കയ്യോടെ പിടി കൂടിയതാണെന്നും റൈറ്ററോട് പറഞ്ഞു. 'ആരുടെ പോക്കറ്റടിക്കാനാണ് ശ്രമിച്ചത് ? റൈറ്റര്‍ ചോദിച്ചു. 'ഇയാളുടെയാണ് സാറെ..'കണ്ടക്ടര്‍ കൂട്ടത്തില്‍ ഏറ്റവും പുറകിലായി നിന്നിരുന്ന കാഴ്ചയില്‍ എഴുപത് വയസ്സിനടുത്ത് പ്രായം വരുന്ന ഒരാളുടെ നേര്‍ക്ക് വിരല്‍ ചുണ്ടി പറഞ്ഞു. 'നിങ്ങള്‍ ഇങ്ങോട്ട് വരു' റൈറ്റര്‍ അയാളെ വിളിച്ചു. 'നിങ്ങളുടെ പോക്കറ്റടിച്ചോ.. ' റൈറ്റര്‍ ചോദിച്ചു. 'പോക്കറ്റടിച്ചില്ല സാറെ പോക്കറ്റില്‍ കയ്യിട്ട് പൈസ എടുത്തപ്പോള്‍ ഞാന്‍ അറിഞ്ഞു ഉടനെ കയ്യില്‍ കടന്നു പിടിച്ചു.. ' അപ്പൊ പിന്നെ എന്താ പോക്കറ്റടിച്ചെന്ന് പറഞ്ഞത് ' റൈറ്റര്‍ ഒച്ചയുയര്‍ത്തി ഗൗരവത്തില്‍ ചോദിച്ചു. വൃദ്ധന്‍ ആകെ പരുങ്ങലിലായി. കുറച്ചു സമയം കഴിഞ്ഞു. വൃദ്ധന്‍ കസേരയില്‍ തന്നെ അക്ഷമനായി ഇരിപ്പാണ്.രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാകും. കാക്കി പാന്റസും വെള്ള ഷര്‍ട്ടും ധരിച്ച ഒരു പോലിസുകാരന്‍ കയറി വന്നു. പോക്കറ്റടിക്കാരനെയും വൃദ്ധനെയും നോക്കി. ഇതെന്താ സാറെ കേസ് എന്ന് ചോദിച്ച് നേരെ റൈറ്ററുടെ അടുത്തേക്ക് ചെന്നു. റൈറ്റര്‍ കാര്യം വിശദീകരിച്ചു. ഉടനെ ആ പോലിസുകാരന്‍ എഴുന്നേറ്റ് പോക്കറ്റടിക്കാരന്റെ നേരെ നോക്കി 'ഇവിടെ വാടാ' എന്ന് ആക്രോശിച്ചു. അടുത്തെത്തിയ ഉടനെ ആ  മുഷ്ടി ചുരുട്ടി അയാളുടെ വയറ്റില്‍ ശക്തിയായി ഇടിച്ചു. വേദന കൊണ്ട് പുളഞ്ഞ് വയറ്റില്‍ കയ്യമര്‍ത്തി കുനിഞ്ഞ് നിലവിളിക്കുന്ന അയാളുടെ മുതുകത്ത് കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു. ഇടി കൊണ്ടതും അയാള്‍ കുഴഞ്ഞു വീഴുകയും മലം വിസര്‍ജ്ജിക്കുകയും ചെയ്തു. 'ഒക്കെ അവന്റെ അടവാണ്. കള്ളന്‍. നിന്നെ കൊണ്ട് തന്നെ ഇത് കോരിക്കും' കലിയടങ്ങാതെ  ആക്രോശിച്ചു. അവിടെ കിടക്കട്ടെ എന്ന് പറഞ്ഞ് ഉടനെ റൈറ്റര്‍ ഇടപെട്ടു. ഇടിച്ച പോലിസുകാരന്‍ പുറത്തേക്ക് ഇറങ്ങിപ്പോയി. ഭയന്ന് എഴുന്നേറ്റ് നിന്ന വൃദ്ധനെ പാറാവുകാരന്‍ സമാധാനിപ്പിച്ചു.
ഇടി കൊണ്ട് വീണയാള്‍ മണിക്കൂറുകളോളം അവിടെ തന്നെ കിടന്നു. റൈറ്റര്‍ ഇടക്കിടക്ക് അയാളുടെ പേര് വിളിച്ച് ആശുപത്രിയില്‍ പോണ്ടെ എഴുന്നേല്‍ക്ക് എന്ന് പറയും അയാള്‍ ഞരങ്ങിയും മൂളിയും അവിടെ തന്നെ കിടന്നു. വൈകുന്നേരത്തോടെ പരാതിക്കാരന്‍ വൃദ്ധനെ മൊഴിയെടുത്ത് പറഞ്ഞു വിട്ടു.
ഇതിനിടക്ക് പോലിസുകാര്‍ കുറ്റാരോപിതനെ ഇടനാഴിയിലേക്ക് മാറ്റിക്കിടത്തി. 'അവന്‍ കള്ളനാ.. ഇതൊക്കെ സ്ഥിരം അടവാ..' പാറാവുകാരന്‍ എന്നെ നോക്കി പറഞ്ഞു.'കള്ളനാണെങ്കിലും നിങ്ങളാരാ അയാളെ അടിക്കാന്‍.. നിങ്ങളും നിയമം ലംഘിക്കുകയല്ലെ.' ഞാന്‍ ചോദിച്ചു. ' ഇവനെയൊക്കെ കോടതിയില്‍ ഹാജരാക്കിയാല്‍ കുറച്ച് ദിവസം കഴിഞ്ഞ് സുഖമായി ഇറങ്ങി പോരും. ഈ കൊടുക്കുന്നതെ ഉണ്ടാകു.' മര്‍ദ്ദനത്തിന്റെ ന്യായീകരണമായി പാറാവുകാരന്‍ പറഞ്ഞു. അപ്പോഴെക്കും കറ്റാരോപിതന്‍ എഴുന്നേറ്റ് ചുവരും ചാരി ഇരിപ്പായി. പറഞ്ഞതു പോലെ തന്നെ അല്‍പസമയത്തിന് ശേഷം അയാളെ കൊണ്ട് തന്നെ മലം കോരി വൃത്തിയാക്കിച്ചു. രണ്ടാം ദിവസം അയാളെ കോടതിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. കാക്കനാട് ജില്ല ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ അയാളെ കണ്ടിരുന്നു. വേറെ സെല്ലില്‍ ആയതു കൊണ്ട് സംസാരിക്കാന്‍ പറ്റിയില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് മരങ്ങാട്ടുപള്ളി പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായ സിബി കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് സിബിയുടെ വീട്ടില്‍ ചെന്നപ്പോള്‍ സ്‌റ്റേഷനില്‍ ചെന്ന് കാണുമ്പോള്‍ മര്‍ദ്ദനമേറ്റ് അവശനിലയിലായ സിബി സ്‌റ്റേഷനകത്ത് മലവിസര്‍ജ്ജനം നടത്തിയെന്നും അത് ആ അമ്മയെ കൊണ്ട് കഴുകി വൃത്തിയാക്കിച്ചു എന്നും സിബിയുടെ അമ്മ വിതുമ്പി കൊണ്ട് വിവരിച്ചതും ഓര്‍ക്കുന്നു. ജനമൈത്രി പോലീസായെന്ന് വമ്പ് പറയുമ്പോഴാണ് ഈ സംഭവങ്ങള്‍ ഒക്കെ നടക്കുന്നത്. എത്ര കഴുകിയാലാണ് പൊലീസിന്റെ കയ്യില്‍ പറ്റിയ ചോര ഇല്ലാതാവുക ?

RELATED STORIES

Share it
Top