ഇടിയും മിന്നലും ; ജനങ്ങള്‍ ഭീതിയില്‍പറവൂര്‍: ശക്തമായ മിന്നലും ഇടിവെട്ടും പറവൂര്‍ മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. മിന്നലേറ്റ് വലിയ നാശനഷ്ടങ്ങള്‍ വ്യാപകമാവുന്നതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. തിങ്കളാഴ്ച രാവിലെയുണ്ടായ മിന്നലില്‍ രണ്ട് ദേവാലയങ്ങള്‍ക്കാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതെങ്കില്‍ വൈകീട്ട് നാലുമണിയോടെയുണ്ടായ മിന്നലില്‍ വീടുകള്‍ക്കകത്തും പുറത്തും നാശനഷ്ടങ്ങള്‍ ഉണ്ടായി. ഈസമയം വീടുകളില്‍ ആളുകളുണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വൈകീട്ടുണ്ടായ മിന്നലില്‍ ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂരില്‍ തൊട്ടടുത്ത നാലുവീടുകളിലാണ് നാശനഷ്ടങ്ങളുണ്ടായത്. കൈതക്കല്‍ ഫൈസലിന്റെ വീട്ടിലെ രണ്ട് ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഒരു മുറിയിലെ സ്വിച്ച് ബോര്‍ഡ് തെറിച്ചുപോയി. ബള്‍പ് ചിന്നിച്ചിതറി, ജനലിനു മുകളിലും അടുക്കളയിലും കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീണു. വയറിങ് പൂര്‍ണമായും കത്തിനശിച്ചു. കൈതക്കല്‍ നൗഷാദിന്റെ വീട്ടിലെ ജനല്‍ ചില്ല് പൊട്ടി. ടിവി, ഫാന്‍ നശിച്ചു. തൊട്ടടുത്ത് നൗഷാദ് വാടകയ്ക്കു നല്‍കിയിട്ടുള്ള വീട്ടില്‍ വയറിങ് കത്തി, സ്വിച്ച് ബോര്‍ഡ് തെറിച്ചുപോയി, ബാത്ത് റൂമിന്റെ ഭിത്തിക്ക് പൊട്ടല്‍ സംഭവിച്ചു. തൊട്ടടുത്ത കൈതക്കല്‍ ഷാജിയുടെ വീട്ടിലെ അഞ്ചു ജനല്‍ ചില്ലുകള്‍ പൊട്ടിച്ചിതറി, വയറിങ് നശിച്ചു. സാധാരണക്കാരായ ആളുകള്‍ക്കാണ് ഇടിമിന്നലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top