ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: വാഴക്കുളത്ത് കഴിഞ്ഞ ദിവസമുണ്ടായ വാഹന അപകടത്തിന് കാരണമായ കാ ര്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 7.45 ന് എ എം റോഡില്‍ വാഴക്കുളത്ത് ബാറിന് സമീപം ഓട്ടോയില്‍ കാറിടിച്ച് ഡ്രൈവര്‍ നെടുമല കോളനിയിലെ സുരേന്ദ്രന്‍(55)ഉച്ചയോടെ മരിച്ചു. ഇടിച്ച കാര്‍ അമിത വേഗതയില്‍ കടന്നു പോയിരുന്നു. ദൃക്‌സാക്ഷികള്‍ ആരും തന്നെയില്ലാതിരുന്നതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു.
എന്നാല്‍ തടിയിട്ടപറമ്പ് സ്‌റ്റേഷന്‍ എസ്‌ഐ പി എം ഷമീറിന്റെ നേതൃത്വത്തില്‍ വാഴക്കുളം, ചെമ്പറക്കി മേഖലകളിലെ സിസിറ്റിവി കാമറകളുടെ സഹായത്തോടെ, അതുവഴി കടന്നുപോയ കാറുകളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മണിക്കൂറുകള്‍ക്കകം കാറും പ്രതിയും വലയിലായത്. കാക്കനാടുള്ള വര്‍ക്‌ഷോപ്പില്‍ പണിയാന്‍ കയറ്റിയിരുന്ന കാര്‍ പിടിച്ചെടുക്കുകയാണുണ്ടായത്.
ഇതിനെ തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്ന കിഴക്കമ്പലം മേക്കാംകുന്നേല്‍ രാജനെ(58) അറസ്റ്റ് ചെയ്തു. പ്രതിക്കെതിരേ മനപൂര്‍വമല്ലാതെ നരഹത്യ ചെയ്ത കുറ്റത്തിന് കേസെടുത്തു. അപകടത്തില്‍പ്പെട്ട ഇരു വാഹനങ്ങളിലും പോലിസ് സയന്റിക് ഓഫിസറും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി തെളിവ് ശേഖരിച്ചു.
പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. കാര്‍ കോടതിയില്‍ ഹാജരാക്കി. അന്വേഷണ സംഘത്തില്‍ എഎസ്‌ഐ മാരായ അജയകുമാര്‍, റൗഫ്, ജബ്ബാര്‍, സിപിഒ മാരായ സനല്‍, സുബീര്‍, സുധീഷ്, അഭിലാഷ് തുടങ്ങിയവരുണ്ടായിരുന്നു.

RELATED STORIES

Share it
Top