ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം

മേപ്പാടി: ചൊവ്വാഴ്ച രാത്രി ബൈക്ക് യാത്രക്കാരനായ നിര്‍മാണത്തൊഴിലാളിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനം കണ്ടെത്താന്‍ മേപ്പാടി എസ്‌ഐ കെ സി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കി.
മരിച്ച യുവാവിന്റെ ബന്ധുക്കളുടെ ആവശ്യംകൂടി കണക്കിലെടുത്താണിത്. പുഴമൂല സ്വദേശിയും കെട്ടിട നിര്‍മാണത്തൊഴിലാളിയുമായ ചോലയില്‍ അനില്‍കുമാര്‍ (38) ആണ് മരിച്ചത്. പോലിസിലെ ശാസ്ത്രീയാന്വേഷണ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തും.
ഓടത്തോടുള്ള ബന്ധുവീട്ടിലേക്ക് പോകുംവഴി കുന്നമ്പറ്റയ്ക്കും കൂട്ടുമുണ്ടയ്ക്കും ഇടയില്‍ വച്ച് ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ ചുണ്ടേല്‍ ഭാഗത്തു നിന്നു വന്ന അജ്ഞാത വാഹനമിടിച്ചാണ് അപകടമുണ്ടായത്.
റോഡില്‍ വീണ അനില്‍കുമാറിനെ ഗൗനിക്കാതെ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നമ്പറ്റയിലുള്ള ചില വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അപകടസമയത്ത് അതുവഴി മേപ്പാടി ഭാഗത്തേക്ക് പോയ വാഹനത്തെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചതായും അറിയുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മരിച്ച അനില്‍കുമാറിന് ഭാര്യയും അഞ്ചുവയസ്സ്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ടു കുട്ടികളുമുണ്ട്.

RELATED STORIES

Share it
Top