ഇടവെട്ടി പഞ്ചായത്തിലെ കുടിവെള്ള പദ്ധതി വൈകുന്നു

തൊടുപുഴ: വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കില്‍ കാത്തിരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചതോടെ ഇടവെട്ടി പഞ്ചായത്തിലെ മുഴുവന്‍ കുടുംങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതി ത്രിശങ്കുവിലായി. വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഇനി ഒരു മാസത്തിലധികം കാത്തിരിക്കേണ്ടി വരുമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നത്.
ഇതോടെ, കനത്ത വേനലില്‍ ഇടവെട്ടി മേഖലകളിലെ കുടിവെള്ള ക്ഷാമം കൂടുതല്‍ രൂക്ഷമാവുമെന്ന് ഉറപ്പായി. മാസങ്ങള്‍ക്ക് മുന്നേ കിണറിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിരുന്നതാണ്. ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. 17 കോടി രൂപ മുതല്‍ മുടക്കിലാണ്  സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം നടക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നബാര്‍ഡിന്റെ സഹായത്തോടെയാണ് കുടിവെള്ള പദ്ധതിക യാഥാര്‍ഥ്യമാക്കുന്നത്. കുടിവെള്ള പദ്ധതിക്കായി മലങ്കര ജലാശയത്തിന്റെ വക്കില്‍ കിണര്‍ കുഴിച്ച് ഇതില്‍ നിന്ന് പമ്പ് ചെയ്താണ് ഇടവെട്ടിയിലേക്ക് കുടിവെള്ളമെത്തിക്കുന്നത്.
ഈ കിണറിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇടവെട്ടിക്ക് വെള്ളം എത്തും മുമ്പ് കിണറിലെ വെള്ളം ശുചീകരിക്കേണ്ടതുണ്ട്.ഇതിനായി മലങ്കര കനാലിന്റെ വശത്തായി ഒരു ശുദ്ധീകരണ ശാലയും നിര്‍മിക്കുന്നു. ശുചീകരണ ശാലയുടെ നിര്‍മാണം 95 ശതമാനത്തോളം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ഒരു ദിവസം 35 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് ഈ ശുചീകരണ ശാല.
സമ്പൂര്‍ണ ശുചീകരണം സാധ്യമാകുന്ന ആധുനിക രീതിയിലുള്ള 'റാപിഡ് സാന്റ് ഫില്‍ട്ടറിങ് ' ശുചീകരണമാണ് ഇവിടെ നടപ്പാക്കുക. മണല്‍ കലര്‍ന്ന വെള്ളം ഉയര്‍ത്തി വീഴ്ത്തി ക്ലോറിന്‍ ചേര്‍ന്ന സോളിങ് ഗ്യാസ് ഇതിലൂടെ കടത്തിവിട്ട് ഡിസിന്‍ഫിക്ഷന്‍ നടത്തിയാണ് ജലം ശുദ്ധീകരിക്കുന്നത്. ശുചീകരണ ശേഷം ഇവിടെ നിന്ന് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കും.
ഇതിനായി 77 കിലോമീറ്റര്‍ നീളത്തില്‍ വിതരണ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഇടവെട്ടിയില്‍ 5.5 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഒരു വാട്ടര്‍ ടാങ്കും നിര്‍മിച്ചിട്ടുണ്ട്. ഈ ടാങ്കില്‍ നിന്ന് ശാസ്താംപാറ, കുരിശുപാറ മേഖലകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യും. ശാസ്താംപാറയില്‍ പുതുതായി നിര്‍മിച്ച 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മറ്റൊരു ടാങ്കിലേക്കും ശുചീകരണ ടാങ്കില്‍ നിന്ന് വെള്ളമെത്തിക്കും.
ഇതില്‍ നിന്ന് മലങ്കര ,പൊക്കംപാറ മേഖലകളിലെ ജനങ്ങള്‍ക്ക് വെള്ളം വിതരണം ചെയ്യും. തെക്കുംഭാഗത്തെ നിലവിലുള്ള മറ്റൊരു ടാങ്കിലേക്കും ശുചീകരണ ശാലയില്‍ നിന്ന് വെള്ളമെത്തിച്ച് വിതരണം ചെയ്യും.  പുതുതായി നിര്‍മിച്ച രണ്ട് ടാങ്കുകളും നിലവിലുള്ള രണ്ട് ടാങ്കുകളിലും വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതോടെ ഇടവെട്ടി മേഖലകളിലെ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരമാവും.

RELATED STORIES

Share it
Top