ഇടപെടല്‍ ഇന്ത്യയിലും

കോഴിക്കോട്: ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാംബ്രിജ് അനലിറ്റിക്ക കാര്യമായ ഇടപെടലുകള്‍ നടത്തിയതായി കമ്പനിയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ വെളിപ്പെടുത്തുന്നു. പ്രാദേശിക ബ്രാഞ്ചായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് (എസ്‌സിഎല്‍) ആണ് ഇന്ത്യയില്‍ കാംബ്രിജിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസ്സും കമ്പനിയുടെ ഉപഭോക്താക്കളാണെന്ന് എസ്‌സിഎല്‍ വെളിപ്പെടുത്തുന്നു.
ബിജെപിക്കു വേണ്ടി നാലു തിരഞ്ഞെടുപ്പ് കാംപയിനുകള്‍ കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയതായി കമ്പനി വൈസ് പ്രസിഡന്റ് ഹിമാന്‍ശു ശര്‍മ വ്യക്തമാക്കി. 2014ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ച തിരഞ്ഞെടുപ്പ് ഇതില്‍ പ്രധാനപ്പെട്ടതാണ്. അതേസമയം, എസ്‌സിഎല്ലിന്റെയോ ബന്ധപ്പെട്ട കമ്പനികളുടെയോ സേവനം ഉപയോഗിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 2010ലെ ബിഹാര്‍ തിരഞ്ഞെടുപ്പ് തൊട്ട് കമ്പനി സാന്നിധ്യം ഇന്ത്യയിലുണ്ട്. അന്നത്തെ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യുനൈറ്റഡിനു വേണ്ടിയാണ് എസ്‌സിഎല്‍ പ്രവര്‍ത്തിച്ചത്. നിരവധി മണ്ഡലങ്ങളില്‍ തങ്ങളുടെ ഡാറ്റാ വിശകലനവും പരസ്യ തന്ത്രങ്ങളും ഉപയോഗിച്ച് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചതായും കമ്പനി അവകാശപ്പെടുന്നു.
ബിജെപി എംപിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ഒവ്‌ലിനോ ബിസിനസ് ഇന്റലിജന്‍സ്, കാംബ്രിജ് അനലിറ്റിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ കമ്പനിയാണ്. ബിജെപി, കോണ്‍ഗ്രസ്, ജെഡിയു എന്നീ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പുറമേ ഐസിഐസിഐ ബാങ്ക്, എയര്‍ടെല്‍ എന്നിവ തങ്ങളുടെ ഇടപാടുകാരാണെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു. എന്നാല്‍, വിവാദമുയര്‍ന്നതിനു പിന്നാലെ വെബ്‌സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ട്.

RELATED STORIES

Share it
Top