ഇടത് പഞ്ചായത്ത് അംഗം കഅ്ബയെ അപകീര്‍ത്തിപ്പെടുത്തിയെന്ന്

മലപ്പുറം: ഇടത് പഞ്ചായത്ത് അംഗം കഅ്ബയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചത് വിവാദമാവുന്നു. പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് അംഗത്തിനെതിരേ യുഡിഎഫ് അംഗങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇന്നലെ രാവിലെയാണ് പുഴക്കാട്ടിരി ഗ്രമാപ്പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പില്‍ കഅ്ബയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ശിവലിംഗം ചേര്‍ത്ത ചിത്രം ഇയാള്‍ പ്രചരിപ്പിച്ചത്. പഞ്ചായത്തിന്റെ ഓദ്യോഗിക അറിയിപ്പുകള്‍ ഉദ്യോഗസ്ഥരെയും അറിയിക്കുന്നതിനുവേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ്. ഇത്തരം ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്ത പഞ്ചായത്തംഗത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് യുഡിഎഫ് ഭാരവാഹികള്‍ അറിയിച്ചു. ഔദ്യോഗിക പരിപാടിക്കെത്തിയ ജില്ലാ കലക്ടര്‍ അമിത് മീണയ്ക്ക് ജനപ്രതിനിധികളായ പി കെ അലി, മൂസക്കുട്ടി, സുദീപ്, റഷീദ് തുടങ്ങിയവരാണ് പരാതി നല്‍കിയത്. പരാതി എസ്പിക്ക് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യുഡിഎഫ് ഭാരവാഹികളായ സാദിഖലി, കെ പി മുസ്തഫ തുടങ്ങിയവരും പരാതിയുമായി കലക്ടറെ കണ്ടു. ഭരണപക്ഷ അംഗത്തിന്റെ സത്യപ്രതിജ്ഞ ലംഘനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇന്നലെ നടന്ന ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു.

RELATED STORIES

Share it
Top