ഇടത് ഐക്യം വേണമെന്ന് യെച്ചൂരി; ബിജെപിക്കെതിരേ യോജിച്ച നിര വേണം

കൊല്ലം: ബിജെപിയെയും സഖ്യത്തെയും പരാജയപ്പെടുത്താന്‍ എല്ലാ ജനാധിപത്യ മതേതര ശക്തികളെയും അണിനിരത്തുന്നതാണ് ഇടതുചേരിയുടെ പ്രധാന ചുമതലയെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം അരക്ഷിതാവസ്ഥയിലാണ്. ഇടതുമതേതര ശക്തികള്‍ ഒന്നിക്കണം. സംഘപരിവാര ശക്തികള്‍ക്കെതിരേ ധാരണയും തിരഞ്ഞെടുപ്പുധാരണയുമുണ്ടാവും. ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി നേടാന്‍ കഴിയുന്ന ഒരു തിരഞ്ഞെടുപ്പു തന്ത്രം രൂപീകരിക്കണമെന്നാണു സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചത്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ മതനിരപേക്ഷ കക്ഷികളുടെയും, ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും യോജിച്ച നിര വേണമെന്നാണു സിപിഎം തീരുമാനിച്ചത്. എന്നാല്‍ ഇതിനു കോണ്‍ഗ്രസ്സുമായി രാഷ്ട്രീയസഖ്യം വേണമെന്നില്ല. പൊതുവായ വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാവും. ജാതിമത ശക്തികളെ ചെറുക്കുന്നതിനു പാര്‍ലമെന്റിന് പുറത്ത് എല്ലാ മതനിരപേക്ഷ കക്ഷികളുമായി വിശാലമായ അടിസ്ഥാനത്തില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍രാഷ്ട്രമായ നീപ്പാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനവും അവര്‍ അധികാരത്തില്‍ വന്നതും സന്തോഷം നല്‍കുന്നു. അതിനപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തിനൊരു ചൂണ്ടുപലക കൂടിയാണ് അത്. ഹിന്ദുരാജഭരണത്തില്‍ നിന്ന് നീപ്പാളിനെ റിപബ്ലിക് ആക്കി മാറ്റാന്‍ മിന്നുന്ന വിജയത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞു. പുതിയ സര്‍ക്കാരിന് ഉറച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

RELATED STORIES

Share it
Top