ഇടതു ഭരണത്തില്‍ ആര്‍എസ്എസ് അഴിഞ്ഞാടുന്നു: എസ്ഡിപിഐ

ചടയമംഗലം: ഇടതു ഭരണത്തില്‍ ആര്‍എസ്എസ് കേരളത്തില്‍ അഴിഞ്ഞാടുകയാണെന്നു എസ്ഡിപി ഐ  ജില്ലാ സെക്രട്ടറി  റിയാസ് കണ്ണനല്ലൂര്‍ അഭിപ്രായപ്പെട്ടു. കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചടയമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരീപ്പുഴയ്ക്ക് നേരെ നടന്ന കൈയേറ്റത്തില്‍ ഒന്നാം പ്രതി ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരേ നിഷ്‌ക്രിയത്വം കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യന്‍ മോഡല്‍ കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ആര്‍എസ്എസ് കേരളത്തില്‍ ആസൂത്രണം ചെയ്യുകയാണ്. പോലിസ് അതിനു കൂട്ടു നില്‍ക്കുന്നു. കുരീപ്പുഴയ്ക്ക് നേരെ നടന്ന കൈയേറ്റം ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ അസഹിഷ്ണതയാണെന്നും ദലിതുകളെ ഇന്നും മനുഷ്യരായി കാണുവാന്‍ ആര്‍എസ്എ്‌സിന്റെ സവര്‍ണ ബോധം അനുവദിക്കുന്നില്ലന്നും ഒരിക്കല്‍ കൂടി തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധ പ്രകടനം കടയ്ക്കല്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ചു പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. പ്രകടനത്തിന് മണ്ഡലം സെക്രട്ടറി ജെ ആര്‍ നൗഫല്‍ , ജില്ലാ സെക്രട്ടറി ഷാറാഫത്ത് മല്ലം, നജീം മുക്കുന്നം നേതൃത്വം നല്‍കി.

RELATED STORIES

Share it
Top