ഇടതുമുന്നണി വിപുലീകരണം: നിര്‍ണായക യോഗം ഇന്ന്

പി  എം  അഹ്്മദ്
തിരുവനന്തപുരം: സ്ഥാനമോഹത്തിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന സ്‌കറിയാ തോമസിന് തിരിച്ചടിയായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് നേതാക്കള്‍ക്കും കത്തു നല്‍കി.
മുന്‍ എംഎല്‍എമാരായ കേരളാ കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം വര്‍ക്കിങ് ചെയര്‍മാന്‍ പി എം മാത്യു, സീനിയര്‍ വൈസ് ചെയര്‍മാന്‍ എം വി മാണി എന്നിവരാണ് സ്‌കറിയാ തോമസിനെ അപ്രസക്തനാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവര്‍ക്ക് കത്തു നല്‍കിയത്. കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ തന്നെയാണ് കത്തു നല്‍കിയിരിക്കുന്നത്. മുന്നണി വിപുലീകരണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് ഇടതു മുന്നണിയുടെ നിര്‍ണായക യോഗം ഇന്നു നടക്കാനിരിക്കെ കത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചയാവും.
ഇടതുമുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ഇടതു മുന്നണിയുമായി സഹകരിക്കുന്ന കേരളാ കോണ്‍ഗ്രസ്സുകള്‍ പരസ്പരം ലയിക്കണമെന്ന തീരുമാനത്തില്‍ നിന്നു വ്യക്തിതാല്‍പര്യത്തിന്റെ പേരില്‍ നീതിബോധമില്ലാതെ സ്‌കറിയാ തോമസ് പിന്നോട്ടുപോവുകയാണ്. ഇന്ന് സ്‌കറിയാ തോമസിന് പാര്‍ട്ടി പ്രവര്‍ത്തനത്തിനോ, എല്‍ഡിഎഫ് പ്രവര്‍ത്തനത്തിനോ യാതൊരു താല്‍പര്യവുമില്ല. 2011ല്‍ കോതമംഗലത്തും 2016ല്‍ കടുത്തുരുത്തിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട ശേഷം ഈ മണ്ഡലങ്ങളില്‍ സ്‌കറിയാ തോമസ് തിരിഞ്ഞുനോക്കിയിട്ടില്ല. ഇപ്പോള്‍ നിലവിലുള്ള പല നേതാക്കളും ഇദ്ദേഹത്തോടൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്നു തങ്ങളെ അറിയിച്ചിട്ടുണ്ട്.  ഇടതു മുന്നണിയില്‍ നില്‍ക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നിരവധി നേതാക്കളെ മുന്നണിയോടൊപ്പം നിലനിര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതിനു കഴിയണമെങ്കില്‍ കേരളാ കോണ്‍ഗ്രസ്സുകള്‍ യോജിച്ച് മുന്നണിയെയും സര്‍ക്കാരിനെയും ശക്തിപ്പെടുത്തണം. ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സും ഈ മുഖ്യധാരയിലെത്തുന്നതാണ് ഉത്തമം. ഇങ്ങനെ ഇടതു ചേരിയിലെ മൂന്നു കേരളാ കോണ്‍ഗ്രസ്സുകളും വ്യക്തിതാല്‍പര്യം വെടിഞ്ഞ് യോജിച്ചാല്‍ ചെയര്‍മാന്‍ സ്ഥാനത്തേ—ക്ക് ഏറ്റവും അനുയോജ്യന്‍ ബാലകൃഷ്ണപിള്ള തന്നെയാണ്.
കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഏറ്റവും പ്രമുഖനും 64ല്‍ കോണ്‍ഗ്രസ് വിട്ട് കേരളാ കോണ്‍ഗ്രസ് രൂപീകരണത്തിന് നേതൃത്വം നല്‍കിയ ജീവിക്കുന്ന ഏക എംഎല്‍എയുമാണ് ഇദ്ദേഹം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വം നീതിപൂര്‍വവും ശക്തവുമായ തീരുമാനമെടുക്കണമെന്നും നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടു. ഇന്നു നടക്കുന്ന ഇടതുമുന്നണി യോഗം ഈ വിഷയം ഗൗരവത്തില്‍ ചര്‍ച്ച ചെയ്താല്‍ സ്‌കറിയാ തോമസിന്റെ രാഷ്ട്രീയഭാവി ഇരുളടയും.

RELATED STORIES

Share it
Top