ഇടതുപക്ഷത്തെ കുറിച്ച് ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കുന്നു: മുഖ്യമന്ത്രി ്

തിരുവനന്തപുരം: ഇടതുപക്ഷത്തെ കുറിച്ച്  ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി.  ന്യൂനപക്ഷ സംരക്ഷണം വോട്ടിനു വേണ്ടിയല്ല. ന്യൂനപക്ഷങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടായപ്പോഴൊക്കെ കമ്മ്യൂണിസ്റ്റുകള്‍ കൂടെയുണ്ടായിരുന്നു. തെറ്റായ പ്രചാരണങ്ങളിലൂടെ അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ആരും നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന്് കെ എം ഷാജി എംഎല്‍എ പറഞ്ഞു. നാദാപുരം, വടകര, തളിപ്പറമ്പ്, കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളിലെല്ലാം ഇതാണ് സ്ഥിതി. ഇവിടങ്ങളില്‍ വ്യാപകമായി കൊള്ള നടക്കുകയാണ്.  ഷംസുദ്ദീന്‍ പാലത്തിനെതിരേ യുഎപിഎ ചുമത്തുന്നവര്‍ വിദ്വേഷ പ്രസംഗം നടത്തുന്ന ശശികലയെ വെറുതെവിടുന്നു.
പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദിച്ച ആര്‍എസ്എസുകാരെ പൊലിസ് സ്റ്റേഷനില്‍ കസേരയിട്ട് സ്വീകരിക്കുന്നു. അടികൊണ്ട മുജാഹിദ് പ്രവര്‍ത്തകരെ ലോക്കപ്പിലിടുന്നു. ഹാദിയ കേസ് വലിച്ചുനീട്ടി മതവിശ്വാസികള്‍ക്കിടയില്‍ മതിലുകളുയരാന്‍ സാഹചര്യമൊരുക്കി. എം എം അക്ബറിനെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ചെറുപ്പക്കാരെ മതേതരപക്ഷത്ത് ഉറച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് അക്ബര്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഒരുക്കുന്നതില്‍ ആഭ്യന്തരവകുപ്പ് ദയനീയ പരാജയമായി. മുഖ്യമന്ത്രി പോലും ഉള്‍ഭയത്തോടെയാണ് കഴിയുന്നത്.
ചുറ്റുമുള്ളവര്‍ തന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന ധാരണ വരുന്നത് നല്ല കാര്യമല്ല. ഇങ്ങനെ തോന്നുന്നുവെങ്കില്‍ അത് ഉള്‍ഭയം കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തനിക്ക് ഒരു ഭയവുമില്ലെന്നും അതൊക്കെ ചിലരുടെ തോന്നല്‍ മാത്രമാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

RELATED STORIES

Share it
Top