ഇടതുപക്ഷത്തിനു വഴിപിഴയ്ക്കുന്നു

അര്‍ഷദ് മുഹമ്മദ്

കളിച്ചുകളിച്ചു പള്ളിമുറ്റത്താണു കളിയെന്നു പറയാറുണ്ട്. എന്നാല്‍, ഇപ്പോള്‍ ചില സിപിഎം ബുദ്ധിജീവികളുടെ കളി പള്ളിക്കകത്തു കയറി തന്നെയാണ്. സിപിഎമ്മില്‍ നിന്ന് അടുത്തകാലത്തായി ഇസ്‌ലാമിക ആദര്‍ശ സംസ്‌കാരങ്ങളെ പരിഹസിക്കുന്ന അനുഭവങ്ങള്‍ കൂടുതലായി വന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിം വിദ്യാര്‍ഥികളെക്കൊണ്ട് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമായ 'ലാഇലാഹഇല്ലല്ലാ' ചൊല്ലുകയില്ലെന്ന് മുദ്രാവാക്യം വിളിപ്പിക്കുക, നമസ്‌കരിക്കുന്നവരെയും മതാഭിമുഖ്യമുള്ളവരെയും നിരീക്ഷണത്തിനു വിധേയമാക്കുക, കുടുംബ സര്‍വേ നടത്തി ഇനംതിരിക്കുക, ചേലാകര്‍മത്തിനും ശിരോവസ്ത്രത്തിനും പര്‍ദയ്ക്കുമെതിരേ തക്കംകിട്ടുമ്പോഴൊക്കെ പരിഹാസം ചൊരിയുക, ഗുരുപാദവന്ദനം നടക്കുമ്പോള്‍ മൗനംപാലിക്കുക- ഇതുവഴിയാണ് പുതിയകാല പുരോഗമന രാഷ്ട്രീയത്തിന്റെ പോക്ക്.
ഇപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ വര്‍ഗീയതയില്‍ നിന്ന് കേരളീയരെയും ഒരുപക്ഷേ, രാജ്യത്തെ തന്നെയും രക്ഷിക്കാനുള്ള പെടാപ്പാടിലാണ് ഇടതു സര്‍ക്കാരും പാര്‍ട്ടിയും പോലിസും. മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വിദ്യാര്‍ഥിസംഘട്ടനത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെടുത്തി സിപിഎം നടത്തിയ വര്‍ഗീയതാവിരുദ്ധ കാംപയിന്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും ഒത്താശയോടെയുള്ള മുസ്‌ലിം വേട്ടയായി പരിണമിക്കുന്നതിനെപ്പറ്റി സമുദായനേതാക്കളും പണ്ഡിതരും അടക്കം പറയുകയുണ്ടായി. കുറ്റാന്വേഷണത്തിന് സ്വീകരിക്കേണ്ട സ്വാഭാവികവും ന്യായവുമായ പോലിസ് നടപടികള്‍ക്കപ്പുറം വിദ്യാര്‍ഥിസംഘട്ടനത്തെ വര്‍ഗീയസംഘട്ടനമാക്കി ചിത്രീകരിച്ച നടപടി തന്നെ മതനിരപേക്ഷ സംസ്‌കാരത്തിനു യോജിച്ചതായിരുന്നില്ല.
വിദ്യാര്‍ഥിസംഘട്ടനങ്ങള്‍ക്ക് അറുതിവരുത്തണമെന്ന്് ആത്മാര്‍ഥമായാണു മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കില്‍ ചില പ്രദേശങ്ങളില്‍ പോലിസ്‌രാജ് പ്രഖ്യാപിക്കുന്നതിനു പകരം വിദ്യാര്‍ഥികളുടെ ബഹുസ്വര രാഷ്ട്രീയാവിഷ്‌കാരങ്ങളെ തച്ചുതകര്‍ക്കുന്ന ഗുണ്ടാരാഷ്ട്രീയത്തിന്റെ വേരറുക്കുകയും ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങള്‍ ഉയര്‍ത്താന്‍ കാംപസുകളെ പാകപ്പെടുത്തുകയുമാണു വേണ്ടത്. വിദ്യാലയങ്ങളില്‍ വളരുന്ന രാഷ്ട്രീയത്തെ ചിന്തയോടും മണ്ണിനോടും ബന്ധിപ്പിക്കാതെ മസിലിനോടും മല്‍പ്പിടിത്തത്തോടും ബന്ധിപ്പിച്ചുതന്നെ നിര്‍ത്തണമെന്ന സിപിഎം പിടിവാശി വിചാരണ ചെയ്യപ്പെടാതെ പോവുന്നത് കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തിന് കനത്ത ആഘാതമായിരിക്കും. ഇതര രാഷ്ട്രീയ വീക്ഷണങ്ങളെ അപേക്ഷിച്ച് മാര്‍ക്‌സിസം ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങളോട് ശക്തമായി വിയോജിക്കുന്ന പ്രത്യയശാസ്ത്രമായിരുന്നിട്ടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാനും അതില്‍ പങ്കാളികളാവാനും മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ക്ക് തടസ്സം തോന്നാതിരുന്നത് മര്‍ദകര്‍ക്കും ചൂഷകര്‍ക്കുമെതിരിലുള്ള പാര്‍ട്ടി നിലപാടിനോടുള്ള സമുദായത്തിന്റെ ഇഴയടുപ്പംകൊണ്ടാണ്. നീതിബോധം മതവികാരമായി ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു സാമൂഹിക സ്വത്വമാണ് മുസ്‌ലിംകളുടേതെന്നു ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മതവിരുദ്ധമല്ലെന്നും മതവിശ്വാസികളുമായി ധാരാളം സമവായസാധ്യതകള്‍ അതു മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ കളവാണെന്നും വാദിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ വാദമുഖങ്ങളെ നാളിതുവരെയുള്ള മുസ്‌ലിം അനുഭവങ്ങള്‍ മുന്‍നിര്‍ത്തി വേണം പരിശോധിക്കേണ്ടതും പരിഹരിക്കേണ്ടതും. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രവും അതിന്റെ ലോകചരിത്രവും വര്‍ത്തമാനകാല പ്രവണതകളും വിലയിരുത്തുന്ന ആര്‍ക്കും അതിന്റെ മതവിരുദ്ധ സ്വഭാവം വ്യക്തമാവും. മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെപ്പറ്റി പഠിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും ചിന്തകന്മാര്‍ക്കും ഒന്നടങ്കം അടിവരയിട്ടു സമ്മതിക്കേണ്ടിവരുന്ന സത്യം കമ്മ്യൂണിസം ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസത്തിനും ആദര്‍ശത്തിനും എതിരാണെന്നാണ്. അങ്ങനെ വരുമ്പോള്‍ ഒരു യഥാര്‍ഥ മുസ്‌ലിമിന് ഒരേസമയം യഥാര്‍ഥ കമ്മ്യൂണിസ്റ്റാവാനോ തിരിച്ചോ സാധ്യമല്ല. പണ്ഡിതന്മാരുടെയോ മതവിധികളുടെയോ സഹായമില്ലാതെ തന്നെ ഏതൊരു സാമാന്യബുദ്ധിക്കും ഈ വിലയിരുത്തലില്‍ എത്തിച്ചേരേണ്ടിവരും.
സൈദ്ധാന്തികാടിത്തറയായ വൈരുധ്യാധിഷ്ഠിത ഭൗതികവാദം പദാര്‍ഥാതീതമായ വസ്തുതകളെ നിഷേധിക്കാന്‍ അതിന്റെ അനുയായിയോട് ആഹ്വാനം ചെയ്യുന്നുവെന്നതാണ് ഒന്നാമത്തെ പ്രശ്‌നം. മതത്തെപ്പറ്റി കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ സിദ്ധാന്തിക്കുന്നത് മാര്‍ക്‌സിസം തികച്ചും മതവിരുദ്ധമാണെന്നാണ്. ഇന്ത്യന്‍ ഇടതുപക്ഷ ചിന്തകനായിരുന്ന ദേബിപ്രസാദ് ചതോപാധ്യായ പറഞ്ഞത്: ''ദൃഢമായ നിരീശ്വരവാദത്തിന്റെ ഒരു രൂപം'' എന്നാണ്. മാര്‍ക്‌സിനെ അദ്ദേഹം വിശേഷിപ്പിച്ചതാവട്ടെ: ''ഈശ്വരാശയത്തെ അതിക്രമിച്ചു വളരാനുള്ള ശരിയായ മാര്‍ഗം ഏതെന്നു കാണിച്ചുതന്ന ആദ്യത്തെ ദാര്‍ശനികന്‍'' എന്നും. വി എസ് അച്യുതാനന്ദന്റെ വാക്കുകളില്‍ പറഞ്ഞാല്‍: ''ഈശ്വരന്‍ ഇല്ലാത്തതുകൊണ്ട് വ്യക്തികള്‍ക്ക് ഈശ്വരവിശ്വാസം ആവശ്യമില്ല. അതിനുവേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിലെ അംഗങ്ങള്‍ മതവിശ്വാസികളാവരുത്.'' ഈ അവസ്ഥയില്‍ എങ്ങനെയാണ് പ്രപഞ്ചാധിപതിയായ ദൈവത്തിലും സമഗ്രമായ ദൈവിക ജീവിതവ്യവസ്ഥയിലും മരണാനന്തര ജീവിതവിചാരണയിലും സ്വര്‍ഗനരകങ്ങളിലും ഉറച്ചുവിശ്വസിക്കലാണ് മതത്തിന്റെ അടിസ്ഥാനമെന്നു വിശ്വസിക്കുന്ന ഒരാള്‍ക്ക്് കമ്മ്യൂണിസ്റ്റാവാന്‍ കഴിയുക?
കമ്മ്യൂണിസം നടപ്പാക്കിയ സോവിയറ്റ് റഷ്യയിലും ചൈനയിലും മതവിശ്വാസികള്‍ ക്രൂരമായ കൂട്ടക്കൊലകള്‍ക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. പള്ളികള്‍ തകര്‍ക്കുകയും ഇസ്‌ലാമിക ഗ്രന്ഥാലയങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തിട്ടുണ്ട്. അവിടെയൊന്നും അവര്‍ ജനാധിപത്യമോ ആവിഷ്‌കാരസ്വാതന്ത്ര്യമോ അനുവദിച്ചിരുന്നില്ല. ചൈനയില്‍ മുസ്‌ലിംകള്‍ക്ക് ഇന്നും കടുത്ത വിലക്കുകളും നിയന്ത്രണങ്ങളുമാണുള്ളത്. 33 വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ച പശ്ചിമ ബംഗാളില്‍ ജനസംഖ്യയില്‍ മുന്നിലായിട്ടും ഏറ്റവുമധികം അരികുവല്‍ക്കരിക്കപ്പെട്ട ജനതയാണ് അവിടത്തെ മുസ്‌ലിംകളെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് അനുഭവങ്ങളിലേക്കു വരുമ്പോള്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷ രക്ഷകവേഷം അഴിഞ്ഞുവീഴുന്നതാണു കാണുന്നത്. 1971 ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ നീണ്ടുനിന്ന തലശ്ശേരി കലാപം വിസ്മരിക്കാനാവില്ല. ഈ കലാപത്തിനു പിന്നിലെ സിപിഎം പങ്ക് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി നടന്ന കലാപത്തില്‍ നൂറുകണക്കിന് മുസ്‌ലിം ഭവനങ്ങളും നിരവധി പള്ളികളും മദ്‌റസകളും തകര്‍ക്കപ്പെടുകയും ആയിരത്തിലേറെ പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പിണറായി, കോടിയേരി പോലുള്ള മാര്‍ക്‌സിസ്റ്റ് ഗ്രാമങ്ങളിലുള്ള മുസ്‌ലിംകളായിരുന്നു ഏറ്റവുമധികം ആക്രമണങ്ങള്‍ക്കിരയായത്. പിണറായിയിലെ പുരാതനമായ വലിയപള്ളിപോലും തകര്‍ക്കപ്പെട്ടു. ഈ കേസില്‍ പിണറായി വിജയന്റെ മൂത്തസഹോദരന്‍ കുമാരന്‍ പ്രതിയായിരുന്നു. 80കളുടെ അവസാനം നാദാപുരത്തുണ്ടായ സംഘര്‍ഷങ്ങളുടെ പൊതുസ്വഭാവം വര്‍ഗീയതയായിരുന്നു.
സമാന സ്വഭാവത്തിലുള്ളതായിരുന്നു 2015 ജനുവരി 22ന് സിപിഎമ്മുകാര്‍ പ്രതിയായിട്ടുള്ള നാദാപുരം കലാപം. ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ മറവില്‍ നാദാപുരം, തൂണേരി, വെള്ളൂര്‍ പ്രദേശങ്ങളിലെ 72 ഓളം വീടുകള്‍ക്കു നേരെയാണ് കൊള്ളയും കൊള്ളിവയ്പും അരങ്ങേറിയത്. 500 പവനോളം സ്വര്‍ണം അവിടെ നിന്നു കൊള്ളയടിക്കപ്പെട്ടു. 30 കോടിയിലേറെ രൂപയുടെ നഷ്ടവും കണക്കാക്കുകയുണ്ടായി. 100ഓളം സിപിഎമ്മുകാരെ പ്രതിചേര്‍ക്കുകയും 50ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുസ്‌ലിംകള്‍ മുന്നില്‍ നിന്നുള്ള രാഷ്ട്രീയസമരങ്ങളെ തീവ്രവാദമെന്നാരോപിച്ച് അടിച്ചമര്‍ത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് ജനവാസമേഖലയിലൂടെ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ കൊണ്ടുപോവാന്‍ ശ്രമിച്ചപ്പോള്‍ മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ തദ്ദേശവാസികള്‍ അവരവരുടെ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരവുമായി തെരുവിലിറങ്ങി. അത് വികസനത്തിന്റെ മേലങ്കിയണിഞ്ഞ കോര്‍പറേറ്റ് കൊള്ളയാണെന്ന അഭിപ്രായമാണ് അവര്‍ സമരത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്. അതിനെ പിന്തുണയ്‌ക്കേണ്ട കുത്തകവിരുദ്ധ ഭരണകൂടം സമരക്കാരുടെ സ്ത്രീകളെയും കുട്ടികളെയും വേട്ടയാടുകയും അവരുടെ മതം പറഞ്ഞ് ആക്ഷേപിക്കുകയുമാണുണ്ടായത്. ''ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധം പേറുന്ന മുസ്‌ലിം തീവ്രവാദികളാണ് ഗെയില്‍ വിരുദ്ധ സമരം നടത്തുന്നത്'' എന്നായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചത്.
എസ്എഫ്‌ഐ അടുത്തിടെ നടത്തിയ സമരാഭാസങ്ങള്‍ തികച്ചും അരാഷ്ട്രീയവും വര്‍ഗീയ മുന്‍വിധിയോടെ ഉള്ളതുമായിരുന്നു. 'മതവര്‍ഗീയവാദികളുടെ ഫത്‌വകളെ വെല്ലുവിളിച്ചുകൊണ്ട്' എന്ന പേരില്‍ തിരുവനന്തപുരത്തും മലപ്പുറത്തും തട്ടമിട്ട മുസ്‌ലിം(?) പെണ്‍കുട്ടികളെ തെരുവിലിറക്കി ഫഌഷ് മോബ് കളിപ്പിച്ച എസ്എഫ്‌ഐ ചില മതചിഹ്നങ്ങള്‍ക്കെതിരേയാണു വെല്ലുവിളി ഉയര്‍ത്തിയത്. ഫാറൂഖ് കോളജില്‍ സദാചാരത്തെപ്പറ്റി സംസാരിച്ച അധ്യാപകനെതിരേ പ്രതിഷേധിച്ചുകൊണ്ട് മാറുതുറക്കല്‍ 'സമരം' നടത്തിയവര്‍ക്ക് അവര്‍ പിന്തുണ കൊടുത്തു. ഇവിടെ മുസ്‌ലിം രക്ഷിതാക്കളും മദ്‌റസാ അധ്യാപകരും പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന ധാര്‍മിക അച്ചടക്കത്തെ 'മതവര്‍ഗീയവാദികളുടെ ഫത്‌വ' എന്നാണ് ഇടതു വിദ്യാര്‍ഥിസംഘടന പരിഹസിച്ചത്. മാറുതുറക്കല്‍ സമരവും ചുംബന സമരവും ലൈംഗിക അരാജകത്വവുമൊക്കെ പുരോഗമന സംസ്‌കാരമായി കൊട്ടിഘോഷിക്കപ്പെടുന്നു. പ്രണയജോടിയിലെ പെണ്‍കുട്ടി മുസ്‌ലിമായാല്‍ അവരെ ഹൈന്ദവാചാരപ്രകാരം വിവാഹം നടത്തിച്ചുകൊടുക്കാന്‍ സഖാക്കള്‍ കാണിക്കുന്ന ആവേശവും 'മതത്തിന്റെ വേലിക്കെട്ടു പൊളിച്ച് പെണ്‍കുട്ടി താലിചാര്‍ത്തി'യെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കാന്‍ കാണിക്കുന്ന ഉല്‍സാഹവും ഇതോടൊപ്പം വായിക്കേണ്ടതാണ്. ഇതൊക്കെ നടക്കുമ്പോഴാണ് മറുവശത്ത് രാമായണ മാസാചരണവും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും പോലുള്ള ഉത്തരേന്ത്യന്‍ ഹൈന്ദവാചാരങ്ങള്‍ പാര്‍ട്ടിപരിപാടികളായി ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഇടുക്കി ഡാം തുറന്നാല്‍ അപകടമുണ്ടാവാതിരിക്കാന്‍ കെഎസ്ഇബി വക കൊലുമ്പന്‍ സമാധിയില്‍ പൂജയും നടത്തി.
ഇപ്പോള്‍ പാര്‍ട്ടി സാഹിത്യങ്ങളിലും കാംപയിനുകളിലും ഉയര്‍ന്നുകേള്‍ക്കുന്നത് പൊളിറ്റിക്കല്‍ ഇസ്‌ലാമിനെതിരേയുള്ള യുദ്ധപ്രഖ്യാപനമാണ്. ഇസ്‌ലാം എന്തെന്നോ ഇസ്‌ലാമിലെ പൊളിറ്റിക്‌സ് എന്തെന്നോ പഠിക്കാതെ ആരോ പറയുന്നത് ഏറ്റുവിളിച്ച് മുതലെടുപ്പു നടത്തുകയാണ് ഇവര്‍. കാരശ്ശേരിയിലെയും ചേന്ദമംഗല്ലൂരിലെയും കമ്മ്യൂണിസ്റ്റ് പുരോഹിതന്മാരാണ് ഇസ്‌ലാം അരാഷ്ട്രീയമായിരിക്കണം എന്ന് ഫത്‌വ കൊടുത്തിട്ടുള്ളത്. അവര്‍ക്ക് അതിനു വലിയ നേതാവ് ഇഎംഎസിന്റെ കിതാബില്‍ രേഖയുമുണ്ട്. ''മാര്‍ക്‌സിസം ഭൗതികവാദമാണ്. അതു വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. ഇതു തര്‍ക്കമറ്റകാര്യമാണ്. നാം മതത്തോട് ഏറ്റുമുട്ടണം. എങ്ങനെ ഏറ്റുമുട്ടണമെന്ന് നമുക്ക് അറിഞ്ഞിരിക്കണം. മതത്തിന്റെ സാമൂഹികവേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം.''
മതത്തിന്റെ സാമൂഹികവേരുകള്‍ പിഴുതുകളയാനാണ് അവര്‍ മതം വ്യക്തിയും ദൈവവുമായുള്ള സ്വകാര്യ ഇടപാടാണെന്നും മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും നിരന്തരം ആണയിട്ടു പറയുന്നത്. ഇസ്‌ലാം സാമൂഹികമേഖലയിലേക്കു തിരിയാതിരിക്കാന്‍ ന്യൂനപക്ഷ സംരക്ഷണം തങ്ങളുടെ പ്രധാന അജണ്ടയാണെന്ന് അടിക്കടി പ്രസ്താവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പാര്‍ട്ടി എപ്പോഴും ആശ്രയിക്കാറുള്ളത് മതത്തെ ആത്മീയതയാക്കി മാത്രം പരിമിതപ്പെടുത്തുന്ന അരാഷ്ട്രീയ മതസംഘടനകളെയാണെന്നതു ശ്രദ്ധേയമാണ്. അവര്‍ക്കാവട്ടെ തങ്ങളെ സഹായിച്ചാല്‍ തങ്ങളും സഹായിക്കുമെന്ന രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക.
ആശയപരമായ കൃത്യതയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെയും വ്യക്തികളെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമായി സഹകരിപ്പിക്കണമെങ്കില്‍ സമുദായ താല്‍പര്യത്തിന്റെ അവസാന അംശവും ചോര്‍ത്തിക്കളഞ്ഞശേഷമല്ലാതെ സാധ്യവുമല്ല. മഅ്ദനിരാഷ്ട്രീയത്തെ കൗശലബുദ്ധിയോടെ ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞപ്പോള്‍ തടവറയിലേക്ക് ഉപേക്ഷിക്കുകയും ചെയ്തതു ശ്രദ്ധിക്കുക. ക്രിയാത്മകമായ മുസ്‌ലിം രാഷ്ട്രീയനീക്കങ്ങളെ തീവ്രവാദം, ഭീകരവാദം, വര്‍ഗീയത എന്നീ വിളിപ്പേരുകള്‍ ചാര്‍ത്തി പൊതുമണ്ഡലത്തില്‍നിന്ന് പുറത്താക്കാന്‍ നടത്തുന്ന ശ്രമങ്ങളിലും പ്രകടമാവുന്നത് അതേ സ്രഗാല ബുദ്ധി തന്നെയാണ്.
സാമ്പ്രദായിക മതേതര പാര്‍ട്ടികളുടെ വീട്ടുപടിക്കല്‍ കാത്തുകെട്ടിക്കിടന്നവര്‍ സ്വത്വബോധമുണര്‍ത്തി പുത്തന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുത്തുകയും രാജ്യത്തെ യഥാര്‍ഥ രാഷ്ട്രീയപ്രശ്‌നങ്ങളെ കാപട്യമില്ലാതെ തുറന്നുകാണിക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയഭൂമികയില്‍ ഇടംനേടുമ്പോഴാണ് അവരെ വര്‍ഗീയവാദികളും തീവ്രവാദികളുമാക്കാനുള്ള നീക്കങ്ങള്‍ ഇടതുപക്ഷത്തു നടക്കുന്നത്.
സംഘപരിവാര സമഗ്രാധിപത്യത്തിലേക്കു കൂപ്പുകുത്തുന്ന രാജ്യത്ത് സിപിഎം അവരുടെ ആദര്‍ശരാഷ്ട്രീയത്തില്‍ നിന്ന് വര്‍ഗീയരാഷ്ട്രീയത്തിലേക്കു വഴിമാറുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ജനാധിപത്യവ്യവസ്ഥയില്‍ കമ്മ്യൂണിസ്റ്റിന് കമ്മ്യൂണിസ്റ്റാവാനും ഇസ്‌ലാമിസ്റ്റിന് ഇസ്‌ലാമിസ്റ്റാവാനുമുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മര്‍ദിത ജനവിഭാഗങ്ങള്‍ എക്കാലവും പാര്‍ട്ടി ആസ്ഥാനങ്ങളിലെ പരിചാരകരായി നില്‍ക്കുമെന്നു കരുതാനാവില്ലെന്ന ചരിത്രബോധമെങ്കിലും സഖാക്കള്‍ക്കു വേണ്ടതുണ്ട്. ി

RELATED STORIES

Share it
Top