ഇടക്കൊച്ചി സര്‍ക്കാര്‍ ഫിഷ് ഫാം വഴി മത്സ്യ വില്‍പന ആരംഭിച്ചു

പള്ളുരുത്തി: ഇടക്കൊച്ചിയിലെ സര്‍ക്കാര്‍ ഫിഷ് ഫാം വഴി മത്സ്യ വില്‍പന ആരംഭിച്ചു. കരിമീന്‍ 400 രൂപയ്ക്കും പൂമീന്‍ 250 നുമായിരുന്നു വില്‍പന. വാങ്ങാനെത്തുന്നവരുടെ ആവശ്യത്തിനനുസരിച്ച് ഫാമില്‍ നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ അപ്പോള്‍ തന്നെ വിറ്റഴിക്കുകയാണ്.
നിലവില്‍ ബുധനും ഞായറും രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയാണ് മത്സ്യ വില്‍പന നടത്തുന്നത്. ഫാമില്‍ നിന്ന് കുറഞ്ഞ വിലയില്‍ മത്സ്യം ലഭിക്കുന്നുണ്ടറിഞ്ഞതോടെ നാട്ടുകാര്‍ കൂട്ടമായെത്തി. നൂറ്റി അമ്പത് കിലോയോളം കരിമീനും പൂമീനും ശനിയാഴ്ച്ച വിറ്റുതീര്‍ന്നു.
ഫിഷറീസ് വകുപ്പിന്റെ 27 ഏക്കര്‍ സ്ഥലത്താണ് കൂടു മല്‍സ്യക്കൃഷി നടത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള കേരള ജലകൃഷി വികസന ഏജന്‍സിക്കാണ് മത്സ്യകൃഷിയുടെ ചുമതല. ഫാമില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകളിലില്‍ നിക്ഷേപിച്ച കരിമീന്‍  കുഞ്ഞുങ്ങള്‍ എട്ട് മാസം കൊണ്ടാണ്  വളര്‍ച്ചയെത്തിയത്. ഫാമില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകളില്‍ തലശ്ശേരി, ആയിരംതെങ്ങ്, പൊയ്യ, ഞാറക്കല്‍, അഴീക്കോട് എന്നിവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന കരിമീന്‍ കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചത്. കായലില്‍ നിന്ന് ലഭിക്കുന്ന പ്രകൃതിദത്തമായ തീറ്റകളും പോഷകസമൃദ്ധമായ മീന്‍തീറ്റകളുമാണു ഭക്ഷണമായി നല്‍കുന്നതെന്ന് എറണാകുളം മേഖല ഓഫിസര്‍ ജലജ എസ്, ഫിഷറീസ് സുപ്രണ്ട് സേവ്യര്‍ ബോബന്‍ എന്നിവര്‍ പറഞ്ഞു.
കരിമീനിന് ആവശ്യക്കാരേറെയുള്ളതിനാല്‍ വീട്ടാവശ്യത്തിനുള്ള മത്സ്യം മാത്രമാണ് നാട്ടുകാര്‍ക്ക് ഫാമില്‍ നിന്ന് ഇപ്പോള്‍ നല്‍കുന്നത്. പൂമീനിന് ആവശ്യക്കാര്‍ കുറവായതിനാല്‍ ചെറുകിട മത്സ്യ കച്ചവടക്കാര്‍ക്കും ഫാമില്‍ വാങ്ങാനാകും.   ഫാമിന്റെ സംരക്ഷണത്തിനും മീനുകളെ പരിപാലിക്കുന്നതിനും  ജീവനക്കാരുടെ പോരായ്മ നിലവിലുണ്ട്, ആകെ മൂന്ന് ജീവനക്കാര്‍ മാത്രമാണ് ഫാമിലെ ജോലിക്കായി ഉള്ളത്. ഫാമിനോട് ചേര്‍ന്ന് മത്സ്യ വില്പന കേന്ദ്രം നിര്‍മിച്ചിട്ടില്ല. അതിനാല്‍ മത്സ്യം നിലവില്‍ പൊതുനിരത്തില്‍ വച്ചാണ് നിലവില്‍ വില്പന നടത്തുന്നത്. വില്പനകേന്ദ്രം കൂടി നിര്‍മിച്ചാല്‍ പ്രദേശത്തുള്ളവര്‍ക്ക് ന്യായമായ വിലയില്‍ ശുദ്ധമായ  മത്സ്യം നല്‍കാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഫാം  ഇന്‍ചാര്‍ജ് ജോസഫ് പറഞ്ഞു.

RELATED STORIES

Share it
Top