'ഇടം' പദ്ധതി ഐക്യരാഷ്ട്രസഭയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളുടെ മാതൃകാപരമായ ഏകോപനം ലക്ഷ്യമിട്ട് കുണ്ടറ നിയോജകമണ്ഡലം കേന്ദ്രീകരിച്ചു നടപ്പാക്കുന്ന 'ഇടം' പദ്ധതി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചു. യുഎന്‍ അക്കാദമിക് ഇംപാക്റ്റിന്റെ(യുഎന്‍എഐ) ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹിക ശാക്തീകരണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് അവതരണം നടത്തിയത്.
'ഇടം' പദ്ധതിയെ സുസ്ഥിര വികസന മാതൃകയായി ഉയര്‍ത്തിക്കാട്ടിയ സമ്മേളനം സംസ്ഥാനത്തിന്, പ്രത്യേകിച്ച് രാജ്യത്തിനു പൊതുവിലും അഭിമാനനിമിഷങ്ങളാണു സമ്മാനിച്ചത്. യുഎന്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ അക്കാദമിക് പ്രമുഖരും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. 193 രാജ്യങ്ങളില്‍ സമ്മേളനം തല്‍സമയം സംപ്രേഷണം ചെയ്തു.
ആഭ്യന്തര വളര്‍ച്ചാനിരക്കിലുപരി മനുഷ്യ പുരോഗതിക്ക് ഊന്നല്‍ നല്‍കുന്ന ബദല്‍ വികസനമാതൃകകള്‍ തേടുന്ന ലോകത്തിന് പ്രതീക്ഷപകരുന്നതാണ് കേരള മോഡലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യം 2030ന്റെയും സംസ്ഥാന സര്‍ക്കാരിന്റെ നാലു ദൗത്യങ്ങളുടെയും തലത്തിലാണ് 'ഇടം' പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

RELATED STORIES

Share it
Top