ഇഞ്ചോടിഞ്ച്; ചെറുകക്ഷികള്‍ നിര്‍ണായ

കംഎ ജയകുമാര്‍
ചെങ്ങന്നൂര്‍: മൂന്നു മുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ചെങ്ങന്നൂരില്‍ ചെറുകക്ഷികള്‍ കരസ്ഥമാക്കുന്ന വോട്ടുകളും മുന്നണികളുടെ ജയപരാജയങ്ങള്‍ക്ക് നിര്‍ണായകമാവും. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന മണ്ഡലത്തില്‍ വോട്ടിങ് ശതമാനത്തിലെ നേരിയ വ്യത്യാസംപോലും വിധിനിര്‍ണയത്തില്‍ പ്രധാന ഘടകമാണ്. ചെറുപാര്‍ട്ടികളില്‍ പ്രധാനികളായ ആം ആദ്മി പാര്‍ട്ടി, എസ്‌യുസിഐ, രാഷ്ട്രീയ ലോക്ദള്‍ എന്നിവരാണ് നിലവില്‍ ശക്തമായ പ്രചാരണപരിപാടികളുമായി രംഗത്തുള്ളത്.
തിരഞ്ഞെടുപ്പിന് ഒന്നരമാസം മുമ്പു തന്നെ മണ്ഡലത്തില്‍ പര്യടനം നടത്തി ജനഹിതമറിഞ്ഞാണ് ആം ആദ്മി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തി പ്രചാരണരംഗത്ത് ഇവര്‍ മുന്നണികള്‍ക്കൊപ്പം സജീവമായിട്ടുണ്ട്.
രാഷ്ട്രീയരംഗത്തെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതോടൊപ്പം മണ്ഡലത്തില്‍ ഹരിതചട്ടം നടപ്പാക്കണമെന്നും ഇവര്‍ വാദിക്കുന്നു. ഇതിന്റെ മാതൃകയെന്നോണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ച വിഷരഹിത അരിയും ഇവര്‍ മണ്ഡലത്തില്‍ വിതരണം ചെയ്യുന്നു. മറ്റുള്ളവര്‍ ആദര്‍ശം പറയുമ്പോള്‍ തങ്ങള്‍ അത് പ്രവൃത്തിയിലൂടെ പ്രാവര്‍ത്തികമാക്കുമെന്ന് വോട്ടര്‍മാര്‍ക്കിടയില്‍ നടത്തുന്ന പ്രചാരണപരിപാടിയില്‍ സ്ഥാനാര്‍ഥി രാജീവ് പള്ളത്ത് ചൂണ്ടിക്കാട്ടുന്നു.
വികസനം പറയുന്ന മുഖ്യധാരാ മുന്നണികള്‍ കുത്തകകള്‍ക്കു വേണ്ടിയുള്ള രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് എസ്‌യുസിഐയുടെ പക്ഷം. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവല്‍പ്രശ്‌നങ്ങള്‍ ഇവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ നടത്തുന്ന സമരപോരാട്ടമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. മധു ചെങ്ങന്നൂരിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് ഇവര്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാവുന്നത്.
കര്‍ഷകര്‍ ഉള്‍പ്പെടുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യംവച്ചാണ് രാഷ്ട്രീയ ലോക്ദള്‍ പ്രചാരണരംഗത്ത് സജീവമാവുന്നത്. കര്‍ഷകരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യാത്ത ഒരു രാഷ്ട്രീയത്തിനും നിലനില്‍പ്പില്ലെന്ന് ഇവര്‍ പറയുന്നു.
ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നവും ഹരിതസമ്പത്ത് വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇവര്‍ പ്രചാരണത്തില്‍ എടുത്തുപറയുന്നു.
ശുദ്ധമായ വെള്ളവും വായുവും ഭാവിതലമുറയ്ക്കു കൂടി ഉറപ്പാക്കാനുള്ള പദ്ധതികളാണ് ഇവരുടെ പ്രധാന പ്രചാരണായുധം. ജിജി പുന്തലയാണ് ഇവരുടെ സ്ഥാനാര്‍ഥി. ശക്തമായ പ്രചാരണത്തിലൂടെ മണ്ഡലത്തില്‍ നിര്‍ണായക ശക്തിയാവാനുള്ള തയ്യാറെടുപ്പാണ് ഇവര്‍ നടത്തുന്നത്.
ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളെ കൂടാതെ മണ്ഡലത്തില്‍ മത, സാമുദായിക സംഘടനകളും മല്‍സര രംഗത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതുവരെ പ്രധാന മുന്നണികളുടേത് ഉള്‍പ്പെടെ ഒമ്പതു സ്ഥാനാര്‍ഥികളാണ് ചെങ്ങന്നൂരില്‍ മല്‍സര രംഗത്തുള്ളത്.
വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തെത്തുമെന്നും സൂചനയുണ്ട്. ഇവരെല്ലാം നേടുന്ന വോട്ടുകള്‍ വിജയം മാത്രം ലക്ഷ്യം വച്ച് പ്രചാരണരംഗത്തു മുന്നേറുന്ന മൂന്നു മുന്നണികള്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയാണ്.

RELATED STORIES

Share it
Top