ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങി; ഗോകുലത്തിന് സമനിലമഡ്ഗാവ്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് സമനില. തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷം പന്ത തട്ടാനിറങ്ങിയ ഗോകുലം ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് 1-1 സമനില പങ്കിടുകയായിരുന്നു. കൈയെത്തും ദൂരത്തുണ്ടായിരുന്ന വിജയം ഗോകുലം കേരള എഫ്‌സി നഷ്ടപ്പെടുത്തുകയായിരുന്നു. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരേ അവസാന നിമിഷം വരെ ലീഡുമായി വിജയ പ്രതീക്ഷ നല്‍കിയ ഗോകുലം 92ാം മിനിറ്റിലാണ് ഗോള്‍ വഴങ്ങിയത്. ഗോകുലത്തിനായി ഹെന്റി കിസേക്ക വലകുലുക്കിയപ്പോള്‍ ഫ്രാന്‍സിസ് ഒന്യേമയാണ് ചര്‍ച്ചിലിന് വേണ്ടി ലക്ഷ്യം കണ്ടത്.ഇരു കൂട്ടരും 4-4-2  ഫോര്‍മാറ്റില്‍ ബൂട്ടണിഞ്ഞിറങ്ങിയതോടെ മല്‍സരം ആവേശത്തിലായി. യുവതാരം അര്‍ജുന്‍ ജയരാജും ഹെന്റി കിസേക്കയും ഗോകുലത്തിനായി തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നു നിന്നു.30ാം മിനിറ്റില്‍ ചര്‍ച്ചില്‍ ക്യാപ്റ്റന്‍ മണ്ടേ പരിക്കേറ്റ് പുറത്തുപോയത് ചര്‍ച്ചിലിനെ തിരിച്ചടിയായെങ്കിലും ആദ്യ പകുതിയില്‍ ഗോകുലത്തിന് ഗോളടിപ്പിക്കാതെ ചര്‍ച്ചില്‍ പിടിച്ചുനിര്‍ത്തി.രണ്ടാം പകുതിയുടെ 72ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജിന്റെ അസിസ്റ്റില്‍ കിസേക്കയിലൂടെ ഗോകുലം മുന്നിലെത്തി. പിന്നീട് 90 മിനിറ്റുവരെ ചര്‍ച്ചിലിന്റെ മുന്നേറ്റത്തെ ഗോകുലം തടുത്തുനിര്‍ത്തിയെങ്കിലും ഇഞ്ചുറി ടൈമില്‍ ഓന്യേമയിലൂടെ ചര്‍ച്ചില്‍ സമനില പിടിക്കുകയായിരുന്നു. 20 പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണുള്ളത്.

RELATED STORIES

Share it
Top