ഇങ്ങനെയാണോ പറക്കാന്‍ അനുവദിക്കുന്നത്?

ജമ്മുകശ്മീരിലെ കത്‌വയില്‍ ഒരു എട്ടു വയസ്സുകാരിയെ ക്ഷേത്രാങ്കണത്തില്‍ ദിവസങ്ങളോളം തടവിലിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്തുകൊന്ന സംഭവത്തിന്റെ പേരില്‍ ജനരോഷം ആളിക്കത്തുകയാണ്. യുപിയിലെ ഉന്നാവോയില്‍ ബലാല്‍സംഗക്കുറ്റം ആരോപിക്കപ്പെട്ട ബിജെപി എംഎല്‍എക്കെതിരേ നടപടിയെടുക്കാതിരുന്നതിന് എതിരായും പ്രതിഷേധമുയരുന്നു. ബിജെപി എംഎല്‍എയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോടതി പോലും ചോദിക്കുന്നത്. സ്ത്രീകള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും കുറ്റക്കാര്‍ സസുഖം വാണരുളുന്നു എന്നതാണ് അവസ്ഥ. അപ്പോഴും ബേട്ടീ ബച്ചാവോ മന്ത്രവുമായി സര്‍ക്കാര്‍ പ്രചാരണങ്ങള്‍ പൊടിപൊടിക്കുന്നു എന്നത് കഥയിലെ വിരോധാഭാസം.
ജനുവരിയിലാണ് കത്‌വയില്‍ ആസിഫ ബലാല്‍സംഗത്തിനും കൊലപാതകത്തിനും ഇരയായത്. മൂന്നുമാസക്കാലം കുറ്റകരമായ നിശ്ശബ്ദതയാണ് ഈ ക്രൂരതയ്ക്കു നേരെ നാം പുലര്‍ത്തിയത്. ഉന്നാവോയില്‍ മാനഭംഗം സംബന്ധിച്ചു നടപടി ആവശ്യപ്പെട്ട് പരാതിക്കാരി പോലിസ് സ്‌റ്റേഷനിലെത്തിയത് കഴിഞ്ഞ ജൂണിലാണ്. ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല, അവരുടെ പിതാവിനെ പോലിസും പ്രതിയായ എംഎല്‍എയുടെ സഹോദരനും ചേര്‍ന്നു ക്രൂരമായി മര്‍ദിക്കുകയും ചെയ് തു. ചികില്‍സയ്ക്കിടെ പിതാവ് മരിച്ചു. യുപി മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം ജനശ്രദ്ധയാകര്‍ഷിച്ചത്. രണ്ടു സംഭവങ്ങളിലുമുണ്ടായ കുറ്റകരമായ മൗനത്തിനും നടപടിയെടുക്കുന്നതിലുണ്ടാവുന്ന കാലതാമസത്തിനും എന്താണ് ന്യായീകരണം?
രണ്ടു സംസ്ഥാനങ്ങളിലും ബിജെപി ഭരണകക്ഷിയാണ്. പ്രതികള്‍ക്കനുകൂലമായ രാഷ്ട്രീയ ഇടപെടലിനെപ്പറ്റി വ്യാപകമായ പരാതിയുമുണ്ട്. ബിജെപിയിലെ ഉന്നതന്മാരുടെ നിലപാടുകള്‍ ഈ പരാതിയെ സാധൂകരിക്കുന്നു. ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരുടെ നേതൃത്വത്തില്‍ 'ഹിന്ദു ഏകതാ മഞ്ച്' എന്ന സംഘടനയുണ്ടാക്കി ആസിഫയുടെ ഘാതകരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ലജ്ജാകരം. എന്നു മാത്രമല്ല, പ്രതികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനെ ബിജെപിക്കാര്‍ 'ഭാരത് മാതാ കീ ജയ്, ജയ് ശ്രീരാം' തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് തടയുന്നത്. നിര്‍ഭയ സംഭവത്തില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ആഞ്ഞടിച്ച ഒരു രാജ്യത്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്നോര്‍ക്കണം. ഉന്നാവോ സംഭവത്തിലും ബിജെപിക്കാര്‍ സംഗതിയെ നിസ്സാരവല്‍ക്കരിക്കുകയാണ്. മൂന്നു കുട്ടികളുടെ അമ്മയെ ആരു മാനഭംഗപ്പെടുത്തുമെന്നാണ് ബിജെപി എംഎല്‍എ സുരേന്ദ്രസിങ് കളിയാക്കി ചോദിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇതിലപ്പുറം അധഃപതിക്കാനില്ല.
ജമ്മുവിലെ അഭിഭാഷകര്‍ കൈക്കൊള്ളുന്ന നിലപാടാണ് അതിലേറെ പ്രതിഷേധാര്‍ഹം. പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നത് ബാര്‍ കൗണ്‍സില്‍ തടയാന്‍ ശ്രമിക്കുന്നു. പ്രതികള്‍ക്കു വേണ്ടി അവര്‍ കോടതി ബഹിഷ്‌കരിക്കുന്നു. ഇങ്ങനെയുമൊരു രാജ്യമോ എന്നല്ലാതെ മറ്റെന്താണ് ചോദിക്കുക? ഇങ്ങനെയാണോ നാം പെണ്‍കുട്ടികളെ ചിറകുവിടര്‍ത്തി പറക്കാന്‍ അനുവദിക്കുന്നത്?

RELATED STORIES

Share it
Top