ഇംറാന്‍ ഖാന്റെ സഹോദരിയടക്കം 44 പ്രമുഖര്‍ക്ക് യുഎഇയില്‍ ബിനാമി സ്വത്തെന്ന് റിപോര്‍ട്ട്

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സഹോദരിയടക്കം 44 പ്രമുഖര്‍ക്ക് യുഎഇയില്‍ ബിനാമി പേരില്‍ സ്വത്തുവകകള്‍ ഉണ്ടെന്നുള്ള റിപോര്‍ട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) പാകിസ്താന്‍ പരമോന്നത കോടതിയില്‍ സമര്‍പ്പിച്ചു.
പാകിസ്താനില്‍ നിന്ന് നിയമവിരുദ്ധമായി വിദേശരാജ്യങ്ങളിലേക്ക് പണം ഒഴുകുന്നതു സംബന്ധിച്ച കേസിലാണ് ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാര്‍ നേതൃത്വം നല്‍കുന്ന മൂന്നംഗ ബെഞ്ചിനു മുമ്പില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
ഇംറാന്‍ ഖാന്റെ സഹോദരി അലീമ ഖാനെ കൂടാതെ സാമ്പത്തിക-ഊര്‍ജവിഭാഗം വക്താവ് ഫറൂഖ് സലീമിന്റെ മാതാവിന്റെ പേരും പട്ടികയിലുണ്ട്. ഭരണകക്ഷി പാര്‍ട്ടി പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് നേതാവ് മുംതാസ് അഹ്മദ് മുസ്‌ലിമിന്റെ പേരിലായി 16 വസ്തുവകകളും മുന്‍ പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി(പിപിപി) മന്ത്രി അമീന്‍ ഫഹീമിന്റെ വിധവ റിസ്‌വാന അമീന് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നാലുവസ്തുവകകളും ഉണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിന്റെ പേഴ്‌സനല്‍ സെക്രട്ടറി താരീഖ് അസീസിന്റെ മകള്‍ താഹിറ മന്‍സീറിന്റെ പേരില്‍ ആറു വസ്തുവകകള്‍ യുഎഇലുണ്ട്. ഇതില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
മുന്‍ മന്ത്രിമാരായ ഹുമയൂണ്‍ അക്തര്‍, ഹരൂണ്‍ അക്തര്‍ എന്നിവരുടെ സഹോദരന്റെ പേരിലും സ്വത്തുവകകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പല മേഖലകളില്‍ നിന്നുമുള്ള പ്രമുഖരുടെ പേരുകളും ബിനാമി പട്ടികയില്‍ ഉണ്ട്. പട്ടികയില്‍ ഉള്ളവര്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top