ഇംപീച്ച്‌മെന്റ് രാജ്യം തീരുമാനിക്കട്ടെ: ജ. ചെലമേശ്വര്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതു രാജ്യം തീരുമാനിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ്  ചെലമേശ്വറിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ നിലനില്‍പിനായി പക്ഷപാതരഹിതമായ ജഡ്ജിയും നീതിന്യായ വ്യവസ്ഥയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒട്ടും സന്തോഷത്തോടെയല്ല മാധ്യമങ്ങളെ വിളിച്ചു വരുത്തിയത്. സുപ്രിംകോടതിയുടെ പ്രവര്‍ത്തനം കുറച്ചു മാസങ്ങളായി ശരിയായ രീതിയില്‍ അല്ല. അതുകൊണ്ടാണ് ഇങ്ങനെ തുറന്നു പറയാന്‍ നിര്‍ബന്ധിതരായത്. ഞങ്ങള്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. കോടതിയുടെ പ്രവര്‍ത്തനം ശരിയായി നടന്നില്ലെങ്കില്‍ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടില്ല.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ നാലു ജഡ്ജിമാരും ഒപ്പുവച്ച ഒരു കത്ത് ചീഫ് ജസ്റ്റിസിനു നല്‍കിയിരുന്നു. ഒരു പ്രത്യേക വിഷയം ഒരു പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, സുപ്രിംകോടതിയുടെ അന്തസ്സിനു നിരക്കാത്ത തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് അക്കാര്യം നടന്നത്. ഇതു തന്നെ ഇന്നു രാവിലെയും നടന്നു.
20 വര്‍ഷങ്ങള്‍ക്ക് ശേഷം ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ തങ്ങളുടെ ആത്മാവിനെ വിറ്റു എന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല- ജസ്റ്റിസ് ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top