ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2017-18 സീസണിലെ രാജാക്കന്‍മാരായി മാഞ്ചസ്റ്റര്‍ സിറ്റി. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യത്തോടെ കുതിച്ചാണ് സിറ്റി കിരീടത്തില്‍ മുത്തമിട്ടത്. ഓള്‍ഡ് ട്രോഫോഡില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ വെസ്റ്റ്‌ബ്രോം അട്ടിമറി വിജയം നേടിയതോടെയാണ് സിറ്റി കിരീടം ഉറപ്പാക്കിയത്. അവാസാന സ്ഥാനക്കാരായ വെസ്റ്റ് ബ്രോം ജോസ് മൊറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിക്കുകയായിരുന്നു. ലീഗില്‍ അഞ്ച് മല്‍സരങ്ങള്‍ മാത്രം അവശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിന് സിറ്റിയെ മറികടക്കാന്‍ കഴിയില്ല.യുനൈറ്റഡിന്റെ സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തിന്റെ 73ാം മിനിറ്റില്‍ ജെയ് റോഡ്രിഗസിന്റെ ഗോളിലാണ് വെസ്റ്റ്‌ബ്രോം യുനൈറ്റഡിനെ അട്ടിമറിച്ചത്. അവസാന മല്‍സരത്തില്‍ കരുത്തരായ ടോട്ടനത്തെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് സിറ്റി പരാജയപ്പെടുത്തിയിരുന്നു. ഗബ്രിയേല്‍ ജീസസ്, ഗുണ്ടോകന്‍, സ്‌റ്റെര്‍ലിങ് എന്നിവരുടെ ഗോളിലാണ് സിറ്റി ജയം പിടിച്ചത്.
നിലവില്‍ 33 മല്‍സരങ്ങളില്‍ നിന്ന് 28 ജയവും രണ്ട് തോല്‍വിയും മൂന്ന് സമനിലയും വഴങ്ങിയാണ് സിറ്റി കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിന് 33 മല്‍സരങ്ങളില്‍ നിന്ന് 22 ജയവും അഞ്ച് സമനിലയും ആറ് തോല്‍വിയും സഹിതം 71 പോയിന്റാണുള്ളത്. 70 പോയിന്റുകളോടെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 67 പോയിന്റുള്ള ടോട്ടനം നാലാം സ്ഥാനത്താണുള്ളത്. നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി 60 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രീമിയര്‍ ലീഗ് കിരീടം വീണ്ടും സിറ്റി സ്വന്തമാക്കുന്നത്. ഏഴു വര്‍ഷത്തിനിടെ സിറ്റി നേടുന്ന മൂന്നാം പ്രീമിയര്‍ ലീഗ് കിരീടം കൂടിയാണിത്. ഈ സീസണിന്റെ ആരംഭം മുതല്‍ മികച്ച താരങ്ങളെ ടീമിനൊപ്പം നിര്‍ത്തിയ പെപ് ഗാര്‍ഡിയോളയ്ക്ക് ഒരു സമയത്തും സമ്മര്‍ദം നേരിടേണ്ടി വന്നിട്ടില്ല. സീസണില്‍ വ്യക്തിഗത അവാര്‍ഡുകളിലും സിറ്റി താരങ്ങള്‍ തന്നെയാണ് മുന്നില്‍. ലിറോയ് സാനെ, കെവിന്‍ ഡീബ്രൂയിന്‍, ഫെര്‍ണാണ്ടീന്യോ, ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ തുടങ്ങി കരുത്തുറ്റ താരങ്ങളെല്ലാം ഇത്തവണ സിറ്റിക്കൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

പെപിന്റെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടം

പെപ് ഗാര്‍ഡിയോള എന്ന ഇതിഹാസ പരിശീലകന്റെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടം കൂടിയാണിത്. 10 വര്‍ഷത്ത പരിശീലക കരിയറില്‍ മൂന്ന് വീതം സ്പാനിഷ് ലീഗ്, ജര്‍മന്‍ ലീഗ് കിരീടങ്ങള്‍ നേടിയ പെപിന്റെ തന്ത്രങ്ങളുടെ മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ പ്രീമിയര്‍ ലീഗ് കിരീട നേട്ടം. സ്പാനിഷ് താരമായിരുന്ന പെപ് അഞ്ച് വര്‍ഷത്തോളം ബാഴ്‌സലോണയുടെ പരിശീലകനായിരുന്നു.

RELATED STORIES

Share it
Top