ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക് ; നീലപ്പട കിരീടം നേടുന്നത് ഇത് ആറാം തവണലണ്ടന്‍: ആര്‍ക്കും വിട്ടുകൊടുത്തില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സി തിരിച്ചുപിടിച്ചു. കഴിഞ്ഞ സീസണില്‍ കൈവിട്ടുപോയ കിരീടം അന്റോണിയോ കോന്റെ എന്ന അസാമാന്യ പരിശീലകനെ മുന്നില്‍ നിര്‍ത്തി ബ്ലൂസ് പിടിച്ചെടുത്തത് രണ്ട് മല്‍സരം അവശേഷിക്കെ. ഏകപക്ഷീയമായ ഒരു ഗോളില്‍ വെസ്റ്റ് ബ്രോമിനെ മറികടന്നാണ് ചെല്‍സി കിരീടം ഉറപ്പിച്ചത്. ബെല്‍ജിയന്‍ താരം മിച്ചി ബാത്ശുവായിയാണ് വിജയ ഗോള്‍ നേടിയത്. 38 മല്‍സരങ്ങളുള്ള ലീഗില്‍ ഇനി രണ്ട് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ, രണ്ടാംസ്ഥാനത്തുള്ള ടോട്ടനം ഹോസ്പര്‍സിനെ ചെല്‍സി ബഹുദൂരം പിന്നിലാക്കി കിരീടം ഉറപ്പിക്കുകയായിരുന്നു. 2016-17 സീസണ്‍ തുടക്കം മുതല്‍ ആവേശപൂര്‍വം ഒന്നാംസ്ഥാനം നിലനിര്‍ത്തിയ നീലപ്പട എതിരാളികള്‍ക്ക് ഒരവസരവും നല്‍കിയില്ല. 112 വര്‍ഷം പഴക്കമുള്ള ചെല്‍സിയുടെ ആറാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. മുന്‍ ചാംപ്യന്മാരായിരുന്നിട്ടും കഴിഞ്ഞ സീസണില്‍ പത്താംസ്ഥാനത്തായിരുന്നു ചെല്‍സി. അന്ന് തലകുനിച്ച് മടങ്ങിയ ടീമിന്റെ ശക്തമായ തിരിച്ചുവരവാണ്് ഇത്. പുതിയ കോച്ച് അന്റോണിയോ കോന്റെയുടെ കീഴില്‍ അസാധ്യങ്ങള്‍ സാധ്യമാക്കിയ ചെല്‍സി, തുടര്‍ച്ചയായ 13 ജയങ്ങളുടെ പരമ്പരയോടെയാണ് ഒന്നാംസ്ഥാനത്തെത്തിയത്. ഇടയ്ക്ക് ഇടറി വീണെങ്കിലും തിരിച്ചുവന്ന ചെല്‍സി, 36 കളികളില്‍ നിന്ന് 87 പോയിന്റ് നേടിയാണ് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഇനിയുള്ള 3 മല്‍സരങ്ങള്‍ ജയിച്ചാലും ചെല്‍സിക്ക് ഒപ്പമെത്താനാവില്ല.വെസ്റ്റ് ബ്രോമിന്റെ ഹോംഗ്രൗണ്ടില്‍ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ വച്ച കളിയായിരുന്നു അവരുടേത്. പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും 82ാം മിനിറ്റ് വരെ വല ചലിപ്പിക്കാന്‍ നീലപ്പടയ്ക്ക് സാധിച്ചില്ല. 75 മിനിറ്റായിട്ടും ഗോള്‍ വീഴുന്നില്ലെന്ന് കണ്ട കോന്റെ, ഹസാര്‍ഡിനെയും പെഡ്രോയെയും പിന്‍വലിച്ച് വില്യനേയും ബാത്ശുവായെയും കളത്തിലിറക്കി. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ തുണച്ച പകരക്കാര്‍ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ആസ്പിലികെറ്റയുടെ പാസ്സ് ബാത്ശുവായെ വെസ്റ്റ് ബ്രോം പ്രതിരോധം ഭേദിച്ച് വലയില്‍ നിക്ഷേപിച്ചപ്പോള്‍ അങ്ങ് ഇംഗ്ലണ്ടിലെ സ്റ്റാംഫോര്‍ഡില്‍ ആവേശം ആനന്ദത്തിന് വഴിമാറി. കോന്റെയും ആരാധകരും ആനന്ദനൃത്തമാടി. പിന്നീട് ലീഗ് കൈവിടാതെ മല്‍സരം കലാശത്തിലെത്തിച്ച് ചെല്‍സി പ്രഖ്യാപിച്ചു. ചെല്‍സിയെ തോല്‍പിക്കാന്‍ ആവില്ല മക്കളേ എന്ന്.

RELATED STORIES

Share it
Top