ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി അതിജീവിച്ച് സ്വാന്‍സിയ
fousiya sidheek2017-05-08T08:16:13+05:30
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് സ്വാന്‍സിയ കരകയറി. 36ാം റൗണ്ട് മല്‍സരത്തില്‍ ശക്തരായ എവര്‍ട്ടനെതിരേ ഏകപക്ഷീയമായ ഒരു ഗോളില്‍ ജയം നേടിയാണ് സ്വാന്‍സിയ റെലഗേഷന് ഭീഷണി അതിജീവിച്ചത്. ഏഴാം സ്ഥാനക്കാരായ എവര്‍ട്ടനെ തോല്പിച്ചതോടെ 35 പോയിന്റുമായി സ്വാന്‍സിയ 17ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 58 പോയിന്റാണ് എവര്‍ട്ടന്റെ സമ്പാദ്യം. ഫെര്‍ണാണ്ടോ ലോറന്റെ നിര്‍ണായക ഗോളിലായിരുന്നു സ്വാന്‍സിയയുടെ വിജയം. ഫോര്‍വേഡ് താരം ജോര്ഡന് അയെന്റെ അസിസ്റ്റില്‍ 29ാം മിനിറ്റിലാണ് ലോറന്റെ വിജയ ഗോള്‍ നേടിയത്. പന്തടക്കത്തില്‍ മുന്നിലായിരുന്നെങ്കിലും ഗോള്‍ വഴങ്ങിയതോടെ സമ്മര്‍ദത്തിലായ എവര്ട്ടന് മികച്ച കളി കാഴ്ചവയ്ക്കാനായില്ല. സ്വാന്‍സിയ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സിഗേഴ്സന്‍ മല്‍സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ടതോടെ അവശേഷിക്കുന്ന രണ്ടു മല്‍സരങ്ങളിലും ജയം നേടിയാല്‍ സ്വാന്‍സിയക്ക് പ്രീമിയര്‍ ലീഗില്‍ തുടരാം.