ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ഒറ്റഗോളില്‍ ലിവര്‍പൂളിന് ആശ്വാസജയംലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ ലിവര്‍പൂളിന് ആശ്വാസ ജയം. ഏകപക്ഷീയമായ ഒരു ഗോളിലാണ് ലിവര്‍പൂള്‍ വാട്‌ഫോര്‍ഡിനെ തകര്‍ത്തത്. വാട്‌ഫോര്‍ഡിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ജെര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനെ അണിനിരത്തിയത്. ഫിര്‍മിനോ, ഒറിഗി, കുട്ടീഞ്ഞോ എന്നിവരെ മുന്നേറ്റനിരയില്‍ നിര്‍ത്തിയെങ്കിലും 13ാം മിനിറ്റില്‍ ലിവര്‍പൂളിന് തിരിച്ചടിയായി കുട്ടീഞ്ഞോ മടങ്ങി. പരിക്കേറ്റ് കളംവിട്ട കുട്ടീഞ്ഞോയ്ക്ക് പകരക്കാരനായി ആദം ലല്ലന ഇറങ്ങി. ആദം ലല്ലന മികച്ച പ്രകടനവുമായി കളംനിറഞ്ഞു. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിലാണ് ലിവര്‍പൂളിന്റെ ഗോള്‍ പിറന്നത്. എംറ കാന്റെ അസാധ്യമായ പ്രകടനം ഗോളില്‍ കലാശിക്കുകയായിരുന്നു. ലുകാസ് നല്‍കിയ പാസ്സ് അസാമാന്യ ഓവര്‍ ഹെഡ്ഡ് കിക്കിലൂടെ കാന്‍ വാട്‌ഫോര്‍ഡിന്റെ വലയില്‍ നിക്ഷേപിച്ചു. രണ്ടാംപകുതിയില്‍ ഇരുടീമുകളും ഗോളിനായി പരക്കം പാഞ്ഞു. ആറുതവണ ലിവര്‍പൂള്‍ വലയിലേക്ക് പന്ത് പായിച്ചു. എന്നാല്‍, ആറുതവണയും പന്ത് തടുത്തിട്ടുകൊണ്ട് വാട്‌ഫോര്‍ഡ് ഗോളി ഗോമസ് മല്‍സരം അതേനിലയില്‍ നിലനിര്‍ത്തി. പകരക്കാരെ ഇറക്കിയിട്ടും ഗോള്‍ നേടാനാവാതെ വാട്‌ഫോര്‍ഡ് വിയര്‍ത്തു. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ പരാജയപ്പെട്ട വാട്‌ഫോര്‍ഡ് 40 പോയിന്റുമായി 13ാം സ്ഥാനത്താണ്. ലിവര്‍പൂളാവട്ടെ, 35 മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്നാംസ്ഥാനം ഭദ്രമാക്കി. 20 ജയങ്ങള്‍ പിന്നിട്ട ലിവര്‍പൂളിന് 69 പോയിന്റുണ്ട്.

RELATED STORIES

Share it
Top