ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

സിഡ്‌നി: ആശ്വാസ ജയം കൈപിടിയിലൊതുക്കാന്‍ അവസാന മല്‍സരത്തിനിറങ്ങിയ  ഇംഗ്ലണ്ടിന് ആഷസിലെ അഞ്ചാം മല്‍സരത്തില്‍ ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 233 റണ്‍സെന്ന നിലയിലാണ്.


ഇന്നലെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. മഴ കളിച്ച ആദ്യ സെഷനു ശേഷം ഉച്ചഭക്ഷണാനന്തരമാണ് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്.  ഇംഗ്ലണ്ടിന് വേണ്ടി പതിവു പോലെ അലിസ്റ്റര്‍ കുക്കും സ്റ്റോണ്‍മാനുമാണ് ഓപണിങ്ങിനിറങ്ങിയത്. ഇരുവരും ചേര്‍ന്ന് ശ്രദ്ധയോടെ ബാറ്റു വീശിയപ്പോള്‍ സ്‌കോര്‍ 28ലെത്തി നില്‍ക്കേ  24 റണ്‍സെടുത്ത സ്റ്റോണ്‍മാനെ നഷ്ടമായി. 10ാം ഓവര്‍ എറിഞ്ഞ ഹെയ്‌സില്‍വുഡ് സ്റ്റോണ്‍മാനെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. പിന്നീട് കുക്കുമായി ചേര്‍ന്ന് ജെയിംസ് വിന്‍സ് ഇംഗ്ലണ്ട് സ്‌കോറിങ് കൂട്ടുന്നതില്‍ മികച്ച പിന്തുണ നല്‍കി. പക്ഷേ, സ്‌കോര്‍ 88ല്‍ എത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റും നഷ്ടമായി. ഇത്തവണ ജയിംസ് വിന്‍സിനെയാണ് (25) ഇംഗ്ലണ്ടിന് നഷ്ടമായത്. കുമ്മിന്‍സ് വിന്‍സിനെ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകളിലെത്തിക്കുകയായിരുന്നു. നിലയുറപ്പിക്കാന്‍ പാടുപെയുന്ന അലിസ്റ്റര്‍ കുക്കായിരുന്നു(39) ആസ്‌ത്രേലിയന്‍ പേസ് പടയുടെ അടുത്ത ഇര. കഴിഞ്ഞ മല്‍സരത്തിലെ ഇരട്ട സെഞ്ച്വറി വീരന്‍ അലസ്റ്റര്‍ കുക്കിനെ ഇത്തവണയും കുമ്മിന്‍സ് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകളിലെത്തിച്ചു.
പിന്നീട് വന്ന ഡേവിഡ് മലാനെയും കൂട്ടി ജോ റൂട്ട് മികച്ച പാര്‍ട്ണര്‍ഷിപ്പാണ് കാഴ്ച വച്ചത്. ഇരുവരും ചേര്‍ന്നാണ് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് 200 കടത്തിയത്.  മിച്ചല്‍ സ്റ്റാര്‍ക്കാണ്  ഇംഗ്ലണ്ടിനെ മികച്ച ടോട്ടലിലേക്ക് നയിച്ചിരുന്ന ഇരുവരുടെ കൂട്ട് കെട്ട് പൊളിച്ചത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിനെ (83) സ്റ്റാര്‍ക്ക് മിച്ചല്‍ മാര്‍ഷിന്റെ കൈകളില്‍ എത്തിച്ചു. പിന്നാലെ വന്ന ജോണി ബെയര്‍‌സ്റ്റോ(5) നിലയുറപ്പിക്കും മുമ്പേ 82ാം ഓവറില്‍ മടങ്ങിയതോടെ ആദ്യ ഇന്നിങ്‌സ് അഞ്ച് വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ആസ്‌ത്രേലിയയ്ക്ക് വേണ്ടി ഹെയ്‌സില്‍വുഡും പാറ്റ് കുമ്മിന്‍സും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും പിഴുതു. 55 റണ്‍സുമായി ഡേവിഡ് മലാനാണ് ക്രീസില്‍.

RELATED STORIES

Share it
Top