ഇംഗ്ലണ്ടിന്റെ ബോള്‍ട്ടിളകി, 58ന് പുറത്ത്; ആദ്യ ദിനം ന്യൂസിലന്‍ഡിന് ആധിപത്യംഓക്‌ലന്‍ഡ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈ. കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 58 റണ്‍സിന് ചുരുട്ടിക്കൂട്ടിയ ന്യൂസിലന്‍ഡ് മറുപടി ബാറ്റിങില്‍ ആദ്യ ദിനം കളി പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 175 റണ്‍സെന്ന നിലയിലാണുള്ളത്. ആറ് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടും നാല് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 91 റണ്‍സോടെ കെയിന്‍ വില്ല്യംസണും 24 റണ്‍സുമായി ഹെന്റി നിക്കോള്‍സുമാണ് സ്റ്റംപെടുക്കുമ്പോള്‍ ക്രീസില്‍. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ 117 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്‍ഡിനുള്ളത്.ഓക്ക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മല്‍സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങനയക്കുകയായിരുന്നു. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ തീരുമാനം തെറ്റായില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് കിവീസ് ബൗളര്‍മാര്‍ പുറത്തെടുത്തത്. സൗത്തിയും ബോള്‍ട്ടും തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഗാലറിയിലേക്ക് ഘോഷയാത്ര നടത്തി. ഒരു ഘട്ടത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ട് സ്‌കോര്‍ 50അന്‍പത് കടത്തിയത് വാലറ്റത്ത് ക്രെയിഗ് ഓവര്‍ട്ടണ്‍ ( 33*) നടത്തിയ ചെറുത്ത് നില്‍പ്പായിരുന്നു. ജോയ് റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഇംഗ്ലീഷ് നിരയില്‍ അക്കൗണ്ട് തുറക്കും മുമ്പേ മടങ്ങി. 10.4 ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് ബോള്‍ട്ടിന്റെ ആറ് വിക്കറ്റ് പ്രകടനം. സൗത്തി 10 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് പിഴുതത്.മറുപടിക്കിറങ്ങിയ കിവീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡ് എട്ട് റണ്‍സില്‍ നില്‍ക്കെ ഓപണര്‍ ജീത്ത് റാവലിനെ (3) ആന്‍ഡേഴ്‌സണ്‍ മടക്കി. രണ്ടാം വിക്കറ്റില്‍ കെയ്ന്‍ വില്യംസണിനൊപ്പം (91) 84 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ടോം ലാദത്തെ (26) സ്റ്റുവര്‍ട്ട് ബ്രോഡും കൂടാരം കയറ്റി. വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടവും ബ്രോഡ് സ്വന്തമാക്കി. അധികം വൈകാതെ റോസ് ടെയ്‌ലറെയും (20) ആന്‍ഡേഴ്‌സണ്‍ പുറത്താക്കിയെങ്കിലും ഒരു വശത്ത് മികച്ച ബാറ്റിങ് കാഴ്ചവച്ച വില്യംസണ്‍ കിവീസ് ഇന്നിങ്‌സിന് അടിത്തറപാവുകയായിരുന്നു. 177 പന്തുകള്‍ നേരിട്ട് 10 ഫോറും ഒരു സിക്‌സറും പറത്തി വില്യംസണ്‍ ക്രീസിലുണ്ട്.

RELATED STORIES

Share it
Top